പലര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് പ്രോത്സാഹിപ്പിച്ചതിനാല്‍ മുന്‍ലക്കത്തിന്റെ തുടര്‍ച്ചയായി രണ്ടു സെന്‍ കഥകള്‍ കൂടി......
കഥ നാല്
ഒരു സന്ധ്യയ്‌ക്ക് ഷിചിരി കോജുന്‍ എന്ന സെന്‍ ഗുരു മന്ത്രസൂത്രങ്ങള്‍ ഉരുവിട്ടു കൊണ്ടിരിക്കവേ, മൂര്‍ച്ചയുള്ളൊരു വാളുമായി ഒരു കള്ളന്‍ കടന്നു വന്നു. പണം തന്നില്ലെങ്കില്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ഗുരു കള്ളനോട് ഇങ്ങനെ പറഞ്ഞു. " ഞാന്‍ പുണ്യസൂത്രങ്ങള്‍ ഉരുവിടുമ്പോള്‍ എന്നെ ശല്യപ്പെടുത്താതിരിക്കൂ. പണം ആ മേശവലിപ്പിലുണ്ട്‌്. " അദ്ദേഹം മന്ത്രം ചൊല്ലല്‍ തുടര്‍ന്നു.അല്‍പ്പസമയം കഴിഞ്ഞ് ചൊല്ലല്‍ നിര്‍ത്തി കള്ളനോട് പറഞ്ഞു."അതു മുഴുവന്‍ കൊണ്ടുപോകരുത്. എനിക്കു നാളെ നികുതി കൊടുക്കാനുള്ള പണം വച്ചിട്ടേ കൊണ്ടുപോകാവൂ. "
കള്ളന്‍ മുക്കാല്‍ഭാഗം പണവുമായി പോകാനിറങ്ങവേ " ഒരു ഉപഹാരം സ്വീകരിക്കുമ്പോള്‍ അതു തന്ന ആളിനോടു നന്ദി പ്രകാശിപ്പിക്കേണ്ടതാണ് " എന്ന് ഓര്‍മ്മിപ്പിക്കയും ചെയ്‌തു.അതു പ്രകാരം അയാള്‍ ഗുരുവിന് നന്ദി പറഞ്ഞു പോകുകയും ചെയ്‌തു.
കുറച്ചു ദിവസം കഴിഞ്ഞു പോലീസ് പിടികൂടിയ കള്ളന്റെ കുറ്റസമ്മതത്തില്‍ മറ്റു പലരുടേയും പേരിനൊപ്പം ഷിചിരിയടെ പേരും വന്നു.തിരിച്ചറിയാനായി ഷിചിരിയെ വരുത്തി.
"കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഇയാള്‍ കള്ളനല്ല. ഞാന്‍ അയാള്‍ക്കു പണം നല്‍കി.അതിന് അയാള്‍ നന്ദിയും പറഞ്ഞു. "
ജയില്‍വാസം കഴിഞ്ഞിയുടന്‍ കള്ളന്‍ ഷിചിരിയുടെ അടുത്തുപോയി, അദ്ദേഹത്തിന്റെ ശിഷ്യനുമായി.
(വിക്ടര്‍ യൂഗോയുടെ ലേ മിറാബ് ലേയുമായി സാമ്യം തോന്നുന്നുണ്ടല്ലേ? തിന്മയെ നന്മകൊണ്ടു ജയിക്കുന്ന എല്ലാ കഥകള്‍ക്കും സാമ്യമുണ്ടാകും.!)
കഥ അഞ്ച
ധാരാളം തിളങ്ങുന്ന ജ്ഞാനോദയങ്ങളുണ്ടായിട്ടുള്ള ഷോയ്‌ചി എന്ന സെന്‍ ഗുരു തോഫുകു ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ശിഷ്യരെ പഠിപ്പിച്ചിരുന്നത്. രാവും പകലും ക്ഷേത്രത്തില്‍ നിശബ്ദത തളം കെട്ടി നിന്നു. ഉച്ചത്തിലുള്ള മന്ത്രോച്ചാരണം പോലും ഗുരു വിലക്കി. അങ്ങനെ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് നിശബ്ദമായി ധ്യാനിക്കയല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലായിരുന്നു.അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം ആശ്രമത്തില്‍ നിന്ന് മണിയടിയുടേയും മന്ത്രോച്ചാരണത്തിന്റേയും ശബ്ദം അയല്‍വാസികള്‍ കേട്ടു.ഉടന്‍ അവര്‍ക്കു മനസ്സിലായി ഷോയ്‌ചി പോയിക്കഴിഞ്ഞുവെന്ന് !
(ഇതിന്റെ സാരാംശം എന്താണ് ? പട്ടിയുടെ വാല്‍.......... എന്നാണോ ? അതോ, മനുഷ്യന്റെ ജന്മവാസനകളെ അടിച്ചമര്‍ത്താനാവില്ലെന്നോ? അടിച്ചല്‍പ്പിക്കപ്പെടുന്നതൊന്നും നിലനില്‍ക്കില്ലെന്നോ... എന്തു തോന്നുന്നു...?)