Thursday, December 24, 2015

ആരോഗ്യനികേതനം(വംഗവസന്തം-02)

                 
പാതോളജിസ്റ്റും ഇലക്ട്രിക്കല്‍ എഞ്ചിനീയറും അല്ലാത്ത ആര്‍തര്‍ ഹെയ്‌ലിയുടെ Final Diagnosis  ഉം Overload ഉം എനിക്ക് നിത്യവിസ്മയമാണ്. സിദ്ധിക്കും സാധനയക്കും ഒപ്പം ധിഷണയും കൂടി ഉണ്ടെങ്കിലേ ഇങ്ങനെ എഴുതാനാകൂ. എന്നാല്‍ താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം 'എന്നെ ഓര്‍മ്മിപ്പിച്ചത് 'ഒരു ഇന്‍ഡ്യാക്കാരന് കഥയെഴുതുവാന്‍ ഒരു പ്രയാസവുമില്ല, സ്വന്തം ജനാലയിലൂടെ വെളിയിലേക്കു ഒന്നു നോക്കുക മാത്രമേ വേണ്ടൂ' എന്ന ആര്‍.കെ നാരായണ്‍ ന്റെ വാക്കുകളാണ്. കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ ഗ്രാമാനുഭവങ്ങള്‍ ഭാവനയും സരസ്വതീവിലാസവും ചേര്‍ത്ത് മെഴുക്കിമിനുക്കിയെടുത്തപ്പോള്‍ രോഗലോകം എന്ന വിശേഷാല്‍ വിഷയം അങ്ങേയറ്റം യഥാതഥമായ ഒരു മഹാ സാഹിത്യകൃതിയായി പരിണമിച്ചു.

കോളേജ്കാലത്തെന്നോ ആദ്യം വായിച്ചനാള്‍ മുതല്‍ ഞാന്‍ ജഗത്ബന്ധു-ജീവന്‍ മശായ്മാരുടെ ഫാന്‍ ആയതാണ്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇപ്പോഴത്തെ പുനര്‍വായനയും ആസ്വാദ്യത വര്‍ദ്ധിപ്പിച്ചതല്ലാതെ തെല്ലും മാറ്റു കുറച്ചില്ല. മാത്രമല്ല ഇപ്പോള്‍ അത് എന്റെ തലയക്കു പിടിച്ചിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. എനിക്കിപ്പോള്‍ അത് രോഗങ്ങളെക്കുറിച്ച്, മൃത്യവിനെക്കുറിച്ച്, സര്‍വ്വോപരി ജീവിതത്തെകുറിച്ച് ഉള്ള ഒരു റഫറന്‍സ് ഗ്രന്ഥം പോലെ!

താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച നോവലാണ് 'ആരോഗ്യനികേതനം'. 1953 ല്‍ ബംഗാളിഭാഷയില്‍ പ്രസിദ്ധീകൃതമായ നോവല്‍ 1961 ല്‍ മലയാളത്തിലേക്കു മൊഴിമാറ്റിയത് നിലീനാ എബ്രഹാം. മൊഴിമാറ്റം എന്ന തോന്നല്‍ പോലും ഉളവാക്കാതെ അതിസുഗമമായ വായനാനുഭവം സമ്മാനിച്ച വിവര്‍ത്തകയുടെ വൈഭവത്തിനു മുന്നില്‍ ഒരു കുഞ്ഞുവിവര്‍ത്തകകൂടി ആയ ഞാന്‍ ആദരപൂര്‍വ്വം തല കുനിക്കുന്നു.

'ഭൂതകാലകഥകള്‍ക്ക് ഒരു ലഹരിയുണ്ട്. അതിമനോഹരമായ വര്‍ണ്ണവിന്യാസമുണ്ട്. നോക്കിപ്പോയാല്‍ കണ്ണു പിന്‍വലിക്കാന്‍ തോന്നുകയില്ല. വിശേഷിച്ച് ഇന്നും ഓര്‍മ്മയില്‍ വരുന്ന കാലങ്ങള്‍ ആ രകതസന്ധ്യപോലെ നിറപ്പകിട്ടുള്ളവയാണ്.' അതെ, വയോവൃദ്ധനായ നാഡീവിദഗ്ദ്ധന്‍ ജീവന്‍മശായ്‌യുടെ ഓര്‍മ്മകളിലൂടെയാണ് കഥ ചുരുള്‍ നിവരുന്നത്.

കഥയുടെ കാതല്‍ അലോപ്പതി ആയുര്‍വേദചികിത്സാ പദ്ധതികള്‍ തമ്മിലുള്ള അന്തരമാണെന്നു പറയാം. പക്ഷേ നീയോ ഞാനോ വലുത് എന്ന മത്സരം നീങ്ങി അവ തമ്മിലുള്ള സമവായത്തിലേയക്ക് നീങ്ങുകയാണ് നോവലിന്റെ അവസാനത്തോടെ. 'പുതിയ ചികിത്സാജ്ഞാനത്തിലുള്ള ഗര്‍വ്വുകൊണ്ട് ' 'പെന്‍സിലിന്റേയും സ്‌ട്രെപ്ര്‌ടോമൈസിന്റേയും എക്‌സ്-റേയുടേയും കാലത്തില്‍ ഇങ്ങനെ മരണകാലം പറയരുത്. അതൊന്നും ശരിയല്ല. വാതം,പിത്തം കഫം- ഇതില്‍ നിന്നൊക്കെ ഞങ്ങള്‍ വളരെദൂരം പോന്നുകഴിഞ്ഞു. അല്ലെങ്കിലും ഇതൊക്കെ മനുഷ്യത്വമില്ലായ്മായണ്,' എന്ന് ജീവന്‍ മശായ്‌യെ അധിക്ഷേപിക്കുന്ന പ്രദ്യോത് ഡോക്ടര്‍ പക്ഷേ അവസാനം ഭാര്യയുടെ പിടി കിട്ടാത്ത അസുഖം നിര്‍ണ്ണയിക്കാന്‍ ജീവന്‍ മശായ്‌യുടെ സേവനം തേടുകയാണ്. അവരുടെ കൂട്ടായ ശ്രമം ഫലം കണ്ടെത്തി. ജീവന്‍ മശായ്‌യുടേയും ഭാര്യയുടേയും അന്ത്യത്തിന് പ്രദ്യോത് സാക്ഷിയാകയും ചെയ്യുന്നു.

ശാകുന്തളത്തിലെ മുല്ലവള്ളി എന്ന പോലയാണ് ഈ നോവലില്‍ മൃത്യു. നോവലിലുടനീളം മൃത്യുസ്പര്‍ശനം, മൃത്യുഗന്ധം നിറഞ്ഞുനില്‍ക്കുന്നു. 'മരണത്തിന്റെ മേല്‍വിലാസം ഇന്നും ആര്‍ക്കുമറിഞ്ഞുകൂടാ. അതിന്റെ ഉത്ഭവവും ലക്ഷ്യവും അറിഞ്ഞുകൂടാ. മനുഷ്യന്‍ മരിക്കുന്നു.....ജനിക്കുമ്പോള്‍ത്തന്നെ മൃത്യുവും ഒപ്പം കൂടുകയാണ്....സൂര്യോദയത്തോടെ ഇന്നത്തെ ഞാന്‍ ജനിക്കുന്നു. ദിനാന്ത്യത്തില്‍ രാത്രിയിലെ അന്ധകാരത്തില്‍ നിദ്ര ചെയ്യുന്നതോടെ മരിക്കുന്നു, അടുത്ത പ്രഭാതത്തില്‍ വീണ്ടും മറ്റൊരു ഞാന്‍ ജനിക്കുന്നു എന്നു പറയാം.' 'Each night, when I go to sleep, I die. And the next morning, when I wake up, I am reborn.' എന്ന ഗാന്ധി വാക്യം ഓര്‍ക്കുക.

നമ്മള്‍ യമധര്‍മ്മവാഹനമായി കരുതുന്ന മഹിഷം ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായുടെ 'ആരണ്യക് ' ല്‍ 'ടാണ്ഡബാരോ ' എന്ന ആജാനുബാഹുവായ മഹിഷദേവതയാണ്. ഇവിടെയാകട്ടെ മൃത്യുദേവത 'പിംഗളകേശിനിയും പിംഗളനേത്രിണിയും പിംഗളവര്‍ണ്ണയും ആയ, കഴുത്തിലും കൈയിലും താമരയരിമാലകള്‍ അണിഞ്ഞ, കാഷായവസ്ത്രധാരിണിയായ 'സ്ത്രീയത്രേ. പലപ്പോള്‍ പല ഭാവമാണവള്‍ക്ക്.

'അന്ധയും ബധിരയുമായ, തന്നെ നിയന്ത്രിക്കുന്ന കാലം എന്ന നിയമത്തിനനുസൃതമായി, രോഗങ്ങള്‍ അമ്മയായി കൈപിടിച്ചു കൊണ്ടുപോകുന്ന കുട്ടിയെപ്പോലെ ആയ,' മൃത്യുദേവതയുടെ നിയോഗമോര്‍ത്ത് സഹതാപം തോന്നും ചിലപ്പോള്‍. 'മനുഷ്യജന്മങ്ങള്‍ക്ക് വേദനയില്‍ നിന്നു മുക്തിയും ഉള്‍ത്താപത്തില്‍നിന്നു ശാന്തിയും പുരാതനജന്മാന്തരത്തില്‍ നിന്നു നവജന്മാന്തരവും പ്രദാനം ചെയ്യുന്ന,' ദേവതയോട് സ്‌നേഹവും ബഹുമാനവും തോന്നും മറ്റു ചിലപ്പോള്‍.  രണ്ടുമൂന്നു പേജുകള്‍ തന്നെ നീക്കിവച്ചിട്ടുണ്ട് മൃത്യുദേവതയുടെ ഉത്പത്തിക്കഥ പറയുന്നതിന്. അത് മറ്റൊരിടത്ത് പറയാം.

ആയുര്‍വ്വേദവൈദ്യന്മാരായ ജീവന്‍ മശായ്‌യുടെ കുടുംബം നാഡീപരിശോധനാവിദ്യയില്‍ അഗാധജ്ഞാനം നേടിയവരും കൂടിയാണ്. ഈ ജ്ഞാനം നേടുന്നത് എങ്ങനെയെന്ന് 'വ്യാഖ്യാനിച്ചിട്ടു ഫലമില്ല. അനുഭവസിദ്ധമാകുന്നത് ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. ആ ഭാഗ്യമുണ്ടെങ്കില്‍ ആ ശക്തി ആര്‍ജ്ജിക്കാന്‍ കഴിവുണ്ടെങ്കില്‍ നിനക്കും മനസ്സിലാകും....നാഡീപരിശോധനാവിദ്യയില്‍ യഥാര്‍ത്ഥജ്ഞാനം ലഭിക്കുമ്പോള്‍ ജീവിതത്തിനിടയില്‍ മരണത്തെ അനുഭവിച്ചറിയാന്‍ സാധിക്കും.'ജഗത് മശായ് മകനോടു പറഞ്ഞു. മകന് ആ വിദ്യ കരഗതമായി, പേരു കേട്ട നാഡീപരിശോധകനുമായി. ജീവന്‍മശായ്‌യുടെ നാഡീവൈദഗ്ദ്ധ്യത്തെപ്പറ്റിയുള്ള സാക്ഷ്യപ്പെടുത്തലുകളില്‍ ചിലത് ഇങ്ങനെ:

'ജീവന്‍മശായ്ക്ക് നാഡി നോക്കിയാല്‍ കാലത്തിന്റെ കാലടിയൊച്ച മനസ്സിലാക്കാന്‍ കഴിയും, പിതൃ-പിതാമഹന്മാരില്‍നിന്നു പരമ്പരാഗതമായി ലഭിച്ച സമ്പത്താണ്...ജീവന്‍മശായ് നാഡി നോക്കിയാല്‍ മരണരോഗത്തില്‍ മൃത്യു ചിലങ്ക കിലുക്കി വരുമെന്നാണ് ആളുകള്‍ പറയുന്നത് .'

നാഡീപരിശോധനാവിദ്യയില്‍ അഗ്രഗണ്യനായിരുന്ന ജഗത്ബന്ധു മകന് വ്യാകരണപാഠം കഴിഞ്ഞ് നാഡീപരിശോധനാവിദ്യയില്‍ പ്രായോഗികപാഠം പഠിപ്പിക്കാന്‍ തെരഞ്ഞെടുത്തത് വളരെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. വൈശാഖമാസത്തിലെ അക്ഷയതൃതീയ! അതെ ഇപ്പോള്‍ സ്വര്‍ണ്ണക്കടക്കാരുടെ സ്വന്തം അക്ഷയതൃതീയ തന്നെ!

കാലം മാറിയപ്പോള്‍ മനസ്സിലാക്കിയ കാര്യം പറയുന്നത് തെറ്റായി മാറി. എന്തിന് താന്‍ ഇങ്ങനെ പറയുന്നു എന്ന് മശായ് ചിന്തിക്കുന്നുണ്ട്.  'എന്തിന് അതു പറഞ്ഞു?..... അറിയിക്കാതെ വയ്യ, പറയാതെ വയ്യ. അത് അവരുടെ വിധിയാണ്. ചികിത്സകരുടെ കര്‍ത്തവ്യമാണ്. ' എന്ന് സ്വയം സമാധാനിക്കുന്നു. എന്തിനേറെ, ഡോക്ടറായ സ്വന്തം പുത്രന്‍ വനബിഹാരിയുടെ മരണകാലം മൂന്നുമാസം മുന്നേ നാഡി നോക്കി അറിഞ്ഞ ജീവന്‍ ഡോക്ടര്‍ അറിഞ്ഞു മനസ്സില്‍ വയ്ക്കുകയല്ല, കാര്യം പ്രഖ്യാപിച്ചുും കളഞ്ഞു! അതു ഒട്ടുമേ ക്രൂരതയല്ല, കര്‍മ്മമാണ്.

വളരെ പഴയകാലത്ത് മൃത്യുസമയം പ്രവചിക്കുന്നത് തെറ്റായിരുന്നില്ല, പ്രത്യേകിച്ചും കാലമെത്തിയവരുടേത്. അവര്‍ അതു ശാന്തമായി സ്വീകരിച്ച് സ്വയം സന്നദ്ധരാകുമായിരുന്നു. 'അതിമോഹത്തിലും അതിമായയിലും മുങ്ങിക്കിടക്കുമ്പോഴാണ് മരണത്തെക്കുറിച്ച് മനുഷ്യന് ഭയമുണ്ടാകുന്നത്. അപ്പോള്‍ അവന്‍ പല സൂത്രവും പറയും-എനിക്ക് ഇന്നതിനുവേണ്ടി ജീവിച്ചിരിക്കണം, എന്നെ രക്ഷിക്കൂ. മരണഭയം സമ്മതിക്കാന്‍ മനുഷ്യനു ലജ്ജയാണ്.' ഒരു കഥാപാത്രത്തെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നുണ്ട് കഥാകാരന്‍.

സ്വന്തം മകന്റെ മരണം നാഡി നോക്കിച്ച് അറിഞ്ഞ് വിറയക്കുന്ന മനസ്സോടെയെങ്കിലും സമചിത്തതയോടെ അത് നേരിടുന്ന രത്തന്‍ബാബു, എനിക്ക് ഒഴിവു കിട്ടാറായെന്നു തോന്നുന്നു എന്ന് ശാന്തതയോടെ മരണദേവതയുടെ വരവ് കാത്തിരിക്കുന്ന കാളീക്ഷേത്രത്തിലെ പൂജാരി, ഇവരൊക്കെ പഴയകാല പക്വതയുടെ പ്രതീകങ്ങളായി അന്നും അവശേഷിച്ചവരാണ്.  "ഈ പോക്കാണു പോക്ക്. മൃത്യുവിന്റെ ബഹുമാന്യാതിഥിയായി പോകുക. ഈ കാലത്ത് അത്തരം അതിഥികളെ മൃത്യുവിനു കിട്ടാറില്ലെന്നു തോന്നുന്നു....യോഗസാധന നേടിയവരുടെ മനസ്സ് അത്ഭുതകരമാംവിധം ശക്തിമത്തായിരിക്കും. ദേഹത്തിന്റെ ജീര്‍ണ്ണത അവരെ സ്പര്‍ശിക്കുകയില്ല. ആ ജീര്‍ണ്ണദേഹം ത്യജീച്ച് പുതിയൊരു ദേഹം ധരിക്കാന്‍ അവര്‍ ആഗ്രഹിക്കും.ഇത് ഈ നാട്ടിലെ ചിരപുരാതനകാര്യങ്ങളാണ്. " എന്നാല്‍ ആശകള്‍ തീര്‍ന്നില്ലെന്നു വിലപിക്കുന്ന മോത്തിയുടെ അമ്മ ഇന്നിന്റെ പ്രതീകവും.

ഇപ്പോള്‍ നാഡിനോക്കി രോഗം പറയാനറിയാവുന്നവര്‍ ഇല്ല, മാത്രവുമല്ല സത്യസന്ധമായി രോഗിയോടു രോഗത്തെപ്പറ്റി സംവദിക്കുന്നത് വലിയ തെറ്റാണെന്നു കണക്കാക്കയും ചെയ്യുന്നു. കാലത്തിന്റെ ഈ മാറ്റമായിരുന്നു ജീവന്‍ മശായ്‌യെ പ്രദ്യോത് ഡോക്ടര്‍ക്ക് അനഭിമതനാക്കി മാറ്റിയത്. ഇപ്പോഴും നമ്മുടെയിടയില്‍ വല്ലാതെ കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ് ഇത്. രോഗിയെ രോഗം അറിയിക്കാതെ ഇരിക്കുന്നത് ഒരു മനഃശാസ്ത്രപരമായ നടപടിയാണ് എന്ന് ധരിച്ചുവശായിരിക്കുന്ന നമ്മളങ്ങു തീരുമാനിക്കുന്നു, രോഗി തന്റെ അവസ്ഥ അറിയേണ്ട എന്ന്. ആദ്യം അറിയുമ്പോള്‍ ഭീകര ഷോക്കാവും ആര്‍ക്കും, പക്ഷേ പിന്നീട് അവര്‍ അത് അംഗീകരിക്കും, ഒന്നുകില്‍ രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വയം ആലോചിക്കും, അല്ലെങ്കില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി തീരുമാനമുണ്ടാക്കും. അതല്ലേ വേണ്ടത്.

ദീനബന്ധുദത്ത സേവനനിരതനായ നാട്ടുവൈദ്യനായിരുന്നു, മകന്‍ ജഗത്ബന്ധുദത്ത സംസ്‌കൃതവും അതിലൂടെ പഞ്ചമവേദമായ ആയുര്‍വേദവും കൂടി അഭ്യസിച്ച് തന്റെ വൈദ്യപാരമ്പര്യത്തിന്റെ യശസ്സുയര്‍ത്തി. എന്നാല്‍ ജഗത്ബന്ധുവിന്റെ മകന്‍ ജീവന്‍ ദത്തയ്ക്ക് മെഡിക്കല്‍സ്‌ക്കൂളില്‍ ചേര്‍ന്ന് 'സില്‍ക്ക്‌കോട്ടും പാന്റും സ്വര്‍ണ്ണച്ചെയിനും ധനവും സമ്പത്തും പ്രശസ്തിയുമുള്ള ' രംഗലാല്‍ഡോക്ടറെപ്പോലെയുള്ള അലോപ്പതി ഡോക്ടറാകാനായിരുന്നു താല്‍പ്പര്യം. പക്ഷേ മഞ്ജരി എന്ന ഒരു പെണ്‍കൊടി കാരണം പക്ഷേ അതിനു കഴിഞ്ഞില്ല, അച്ഛന്‍ ചൂണ്ടിക്കാണിച്ച ആയുര്‍വ്വേദവൈദ്യത്തിലേക്കു തന്നെ തിരിയേണ്ടിയും വന്നു ജീവന്. ആദ്യം ഇഷ്ടമില്ലാതെ തുടങ്ങിയെങ്കിലും പിന്നെ ജീവന്‍ അതില്‍ മുങ്ങിപ്പൊങ്ങുകയാണ്, തന്റെ നിയോഗം കണ്ടെത്തിയാലെന്ന പോലെ. അങ്ങനെ ഒന്നാന്തരം നാഡീ വൈദ്യനാകുന്നു, ഒപ്പം രംഗലാല്‍ഡോക്ടറില്‍ നിന്ന് അലോപ്പതിയും വശമാക്കുന്നു. ചുരുക്കത്തില്‍ ഡോക്ടര്‍ വൈദ്യനായി മാറി ജീവന്‍ ദത്ത.

എല്ലാ ദത്തമാര്‍ക്കും അവരുടെ സേവനനിരത സദ്പ്രവര്‍ത്തികള്‍ മശായ്(മഹാന്‍) എന്ന സ്ഥാനപ്പേര് നേടിക്കൊടുത്തു. നാട്ടുകാര്‍ അറിഞ്ഞു സ്വമനസ്സാലെ നല്‍കിയ സ്ഥാനപ്പേരാണ് അത്, പുതുകാല പത്മപുരസ്‌ക്കാരങ്ങള്‍ പോലെയല്ല. :)) പക്ഷേ ജീവന്‍മശായ്‌യുടെ ഡോക്ടറായ മകന്‍ വനബിഹാരി പാരമ്പര്യപ്രകാരമുള്ള ചിട്ടയായ ആരോഗ്യരീതികള്‍ ഒന്നും പാലിച്ചില്ല, 'അമിതാചാരവും അനിയമവുംകൊണ്ട് ക്രമത്തില്‍ അവന്റെ രോഗം സങ്കീര്‍ണ്ണമായിത്തീര്‍ന്നു.... അവന്‍ തന്റെ ജീവിതരീതികൊണ്ട് ശരീരത്തെ രോഗബീജത്തിനു തഴച്ചുവളരാന്‍ തക്കവിധം ഫലഭൂയിഷ്ടമാക്കിത്തീര്‍ത്തു,' എന്ന് മശായ് ചിന്തിക്കുന്നുണ്ട്. വനബിഹാരിക്ക് 'ആഗ്രഹം രിപുവായിത്തീര്‍ന്നു.' മൃത്യുദേവതയെ അകാലത്തില്‍ വിളിച്ചു വരുത്തുകയും ചെയ്തു.

'Medicine can cure disease, but cannot prevent death' എന്നു പറയുന്ന പ്രഗത്ഭനായ രംഗലാല്‍ ഡോക്ടര്‍ അലോപ്പതി പഠിച്ചത് സ്വയമാണ്. ഭൃത്യന്‍ ശ്മശാനത്തില്‍ പോയി ശവശരീരങ്ങള്‍ കാളവണ്ടിയിലിട്ട് കൊണ്ടുവരും. രംഗലാല്‍ അതു കീറിമുറിച്ചങ്ങു പഠിക്കും! ജീവന് രംഗലാല്‍ഡോക്ടര്‍ കൊടുത്ത ഉപദേശം ഇങ്ങനെ:'മനുഷ്യന്‍ തീരെ നിസ്സഹായനാണ്.  മൃഗങ്ങളെപ്പോലെ കാമക്രോധലോഭാദികളുണ്ട്. എന്നാല്‍ മൃഗങ്ങളെപ്പോലെ സഹനശ്കതിയില്ലതാനും. അവരോടു ദേഷ്യം തോന്നരുത്, തോന്നാം, അതിനുള്ള അവകാശം തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ട്, പക്ഷേ അപ്പോള്‍ ചികിത്സാവൃത്തിക്കു പോകരുതെന്നു മാത്രം.'

ജീവന്‍ മശായ് ക്ക് കൊണ്ടുപിടിച്ച പ്രാക്ടീസ് ഉണ്ടായിരുന്നു. ധാരാളം പണം സമ്പാദിക്കയും ചെയ്തു.  പക്ഷേ പണത്തിന് ആര്‍ത്തി പിടിച്ചില്ല, കാരണം, "അര്‍ത്ഥം കാമ്യമല്ലാതെയല്ല. പക്ഷേ ഒപ്പം പരമാര്‍ത്ഥവും കാമിച്ചതുകൊണ്ട്. " ഒരു ലക്ഷത്തിലധികം രൂപയുടെ കിട്ടാക്കടം എഴുതിവച്ച രജിസ്റ്റര്‍ ഉണ്ടായിരുന്നു മശായ് യ്ക്ക് !

സ്വന്തം കര്‍മ്മപഥത്തില്‍ വിശാരദനായിരുന്നെങ്കിലും അത്തര്‍ബൗവ്വുമായുള്ള ദാമ്പത്യം ജീവന് ഒട്ടും സുഖദായകമായിരുന്നില്ല. മഞ്ജരിയുമായി നിശ്ചയിക്കപ്പെട്ട വിവാഹത്തിനു മുമ്പ് വധു മറ്റൊരാളെ പരിണയിച്ചപ്പോള്‍ നിശ്ചയിച്ച അതേ ദിവസം തന്നെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുമായി ജീവന്റെ വിവാഹം നടത്തി. തന്നോടുള്ളത് സഹതാപം മാത്രം, താന്‍ വെറും ഒരു പകരക്കാരി എന്ന തോന്നലുകളില്‍ നിന്ന് ആജീവനാന്തം മുക്തി ലഭിക്കാതെ ഉരുകി വേദനിച്ചു അത്തര്‍ബൗ. 'ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വരച്ചേര്‍ച്ച ഇല്ലാതാകുന്നതില്‍പരം അസമാധാനം ഉണ്ടാകാനില്ല.' എന്ന് കഥാകാരന്‍ അഭിപ്രായപ്പെടുന്നുണ്ട്.

'വിവാഹത്തിനുമുമ്പ് ശുക്ലപക്ഷത്തിലെ ചതുര്‍ദശിനാളത്തെ സമുദ്രം പോലെ ഉത്സാഹപൂര്‍ണ്ണമായ ജീവിതം വിവാഹത്തിനുശേഷം അമാവാസി നാളിലെ വേലിയിറക്കം കഴിഞ്ഞ സമുദ്രം പോലെ ഉല്ലാസരഹിതവും ക്ഷീണിതവും വിവര്‍ണ്ണവുമായിത്തീര്‍ന്നു. ജീവിതത്തിലൊരിക്കലും പൂര്‍ണ്ണിമ വന്നില്ല. അമാവാസി വന്നോ? ഇല്ല. അതും ഇതുവരെ വന്നിട്ടില്ല...... അത്തര്‍ബൗ മലമ്പനിയാണ്, മാറാ വ്യാധിയാണ്. ജീവിതക്രമത്തില്‍ എന്തെങ്കിലും തെറ്റിയാല്‍, മാറ്റമുണ്ടായാല്‍, പ്രത്യക്ഷമാകും. തെറ്റിയില്ലെങ്കില്‍ തന്നെ കറുത്തവാവിനും വെളുത്ത വാവിനും എന്ന പോലെ ഇടയ്ക്കിടെ കഠിനമായ വേദനയും ചൂടും ഉണ്ടാക്കും' എത്ര മനോഹരമാണ് കാര്യം വെളിവാക്കിയ രീതി?  ഇങ്ങനെയാണെങ്കിലും താന്‍ ഒരു ആജീവനാന്ത ചതിക്ക് ഇരയാവാതെ മഞ്ജരി ഒഴിഞ്ഞുപോവാനിടയായത് ദൈവാനുഗ്രഹം എന്ന് മനസ്സിലാക്കുന്നുമുണ്ട് മശായ്. ചിലതെല്ലാം സംഭവിക്കുന്നത് അപ്പോള്‍ കടുത്ത ദുഃഖത്തിന് ഇടയാക്കാമെങ്കിലും പില്‍ക്കാലത്ത് അത് അനുഗ്രഹമെന്നു ബോദ്ധ്യെപ്പെട്ടെന്നും വരാം. അത്തര്‍ബൌവ്വ് ഭര്‍ത്താവിനെ തീവ്രമായി സ്നേഹിക്ക തന്നെ ചെയ്തു, പക്ഷേ അത് കടുത്ത കുത്തുവാക്കുകളും സ്വയം പീഡനവുമായിട്ടേ പ്രകടിപ്പിക്കപ്പെട്ടുള്ളു എന്നു മാത്രം. ഓരോരുത്തര്‍ക്ക് ഓരോ വഴി!രാത്രി വളരെ വൈകി മശായ് എത്തുംവരെ എത്ര രാത്രിയായാലും ഉണര്ന്ന് കാത്തിരുന്നു അവര്‍. പരമാനന്ദമാധവനെ കണ്ടുവോ എന്നു ചോദിച്ച് മശായ യുടെ ദേഹി വെടിഞ്ഞ ദേഹത്തേക്ക് മറിഞ്ഞുവീണ് മരിക്കുകയാണ് അത്തര്‍ബൌ.

മിക്ക ബംഗാളിനോവലുകളിലും പ്രകൃതിയും ഋതുക്കളും അതീവ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.  വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമുള്ള മുകളില്‍ പറഞ്ഞിരിക്കുന്ന വികാരവിചാരങ്ങള്‍ ശ്രദ്ധിക്കുക. ഒരു രോഗിയുടെ മരണവീട്ടില്‍ ഇരിക്കുന്ന മശായ്‌യുടെ ഭാവത്തെ 'ഗ്രീഷ്മകാലത്തെ ഉച്ചനേരത്ത് അനങ്ങാതെ നില്‍ക്കുന്ന മഹാവൃക്ഷംപോലെ ' എന്നാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

വിധിവിളയാട്ടം എന്ന പോലെ ആര് കാരണമാണോ മെഡിക്കല്‍ സ്‌ക്കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നത്, ആര് കാരണമാണോ സ്വന്തം വ്യക്തിജീവിതം നരകമായിത്തീര്‍ന്നത്, അതേ മഞ്ജരിയെത്തന്നെ അവസാനം ജീവന്‍മശായ്‌യ്ക്ക് ചികിത്സിക്കേണ്ടി വരുന്നു, അതും ഭര്‍ത്താവിന്റെ അനിയന്ത്രിതജീവിതം സമ്മാനിച്ച വിഷമയമായ രോഗത്തിന് . 'അത്തര്‍ബൗ തന്റെ ജീവിതത്തില്‍ ഒരു വ്യാധി മാത്രമാണ്, മൃത്യു മഞ്ജരിയാണ്, ' എന്ന് ജീവന്‍ സ്വയം തിരിച്ചറിയുന്നുണ്ട്. പ്രദ്യോദ് ഡോക്ടറുടെ ഭാര്യ മഞ്ചുവിന്റെ അമ്മയുടെ അമ്മൂമ്മയാണ് മഞ്ജരി എന്നും അറിയാനിടവരുന്നു ! ആഗ്രഹിക്കുമ്പോള്‍ കൈവിട്ടു പോകുന്നവ ഒട്ടും ആഗ്രഹിക്കാത്തപ്പോള്‍ വേഷം മാറി മറ്റൊരു രൂപത്തില്‍ മുമ്പില്‍ വന്നു നില്‍ക്കുന്നു! ഇത്തരം വൈചിത്ര്യബഹുലതയാവും ജീവിതം. മരണം പോലെ ജീവിതവും ഒരു പ്രഹേളിക തന്നെ.

ഈ നോവലും കഥാപാത്രങ്ങളും മലയാളി വായനക്കാര്‍ക്ക് സുപരിചിതമാണ്. നെടുമുടി വേണു ജീവന്‍മശായ് ആയി അഭിനയിച്ച സിനിമയും വന്നിട്ടുണ്ടല്ലോ. പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നു തോന്നുന്നു. ഞാനും കണ്ടിട്ടില്ല.

മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന താരാശങ്കറിന്റെ ആദ്യകൃതിയും കൂടിയേ്രത ഇത്. വര്‍ഷം 62 കഴിഞ്ഞിരിക്കുന്നു ഇത് എഴുതിയിട്ട്, ഇന്നും പക്ഷേ എത്ര ആസ്വാദ്യകരം! കാലത്തെ അതിജീവിക്കുന്ന മഹത് രചനകളിലൊന്ന്.

ഇഷ്ടപ്പെട്ട ചില വാചകങ്ങളില്‍ ചിലതെങ്കിലും എഴുതിയില്ലെങ്കില്‍ എഴുത്ത് അപൂര്‍ണ്ണമാകും.

-ഒരു കൂട്ടര്‍ക്ക് ആരോഗ്യലാഭമുണ്ടാകുന്നു. മറ്റൊരു കൂട്ടര്‍ക്ക് സേവനലാഭവും.

-ചീരകൊണ്ട് മീനിന്റെ മണം മൂടി വയ്ക്കാനൊക്കില്ല ചങ്ങാതി. ഗംഗാതീരത്തു വളര്‍ന്ന ചീരയായാലും ശരി.

-സദ്യയുള്ള വീട്ടില്‍ ഒരു കാക്കവഴി ക്ഷണമയച്ചാലും മതി ഘോഷാല്‍ നേരത്തേ ഹാജരായിക്കൊള്ളും.

-ജ്ഞാനം അഗസ്ത്യമുനിയെപ്പോലെയാണ്. അത് ദുഃഖസമുദ്രത്തെ കൈക്കുമ്പിളിലാക്കി കുടിച്ചുകളയും. ലോകമംഗളത്തിനായി സ്വേച്ഛയാ തെക്കോട്ടു പോകും.
 
-(യൗവ്വനം) സ്വന്തം ശക്തിയും കഴിവും ഓര്‍ക്കാതെ മത്സരത്തിന് ഇറങ്ങരുതേ. ഒരു പയ്യന്‍ പനയോലകൊണ്ടുള്ള അരിവാളുമായി രാക്ഷസനോടു പടവെട്ടാന്‍ പോകുന്നു!രാജാവിന്റെ പുത്രനുമായി ഇടയാന്‍ ഇടയച്ചെറുക്കനു സങ്കോചമുണ്ടായില്ല!
 -പാവം മോത്തി! വൃദ്ധമാതാവ് മുള്ളുപോലെ തൊണ്ടയില്‍ കുടുങ്ങിയിരിക്കയാണ്.
-തുളസിയിലയ്ക്കുണ്ടോ വലിപ്പച്ചെറുപ്പം?
-പല്ലും നഖവും കൊമ്പുമുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കുകയാണ് നല്ലത്
-കടുവയുടെ ഗുഹയില്‍ കുറുക്കന്‍ മടയുണ്ടാക്കാന്‍ പോകുന്നോ?
-പല്ലും നഖവും നഷ്ടപ്പെട്ട കടുവയാണ് കൂടുതല്‍ ഹിംസ്രസ്വഭാവി
-എന്നും അര്‍ദ്ധരാത്രിയില്‍ പട്ടികള്‍ കിടന്നു മോങ്ങും. പിംഗളകേശിനി വഴിയില്‍ ചുറ്റി നടക്കുന്നത് അവയക്കു കാണാം.
-നല്ല പാചകം എന്നുവച്ചാല്‍ മസാലയുടേയും എണ്ണയുടേയും കളി എന്നാണല്ലോ അര്‍ത്ഥം. ഡിസ്‌പെപ്‌സിയ ഉണ്ടാക്കാനായി വയറ് ഒരുക്കുക.

Thursday, December 17, 2015

ജയകാന്തന്റെ രണ്ടു നോവലറ്റുകള്‍

                   
1980 ല്‍ സി.എ.ബാലന്‍ മൊഴിമാറ്റിയതാണ്  "ബ്രഹ്മോപദേശം", "അഗ്നിപ്രവേശം" എന്ന രണ്ടു നോവലറ്റുകള്‍.

ഈ പുസ്തകം എന്നെ സംബന്ധിച്ച് മറ്റു ചില പ്രാധാന്യങ്ങള്‍ കൂടി ഉള്ളതത്രേ. ഇത് പൊതിഞ്ഞിരിക്കുന്നത് പഴയകാലത്ത് സ്ഥിരം വരുമായിരുന്ന സോവിയറ്റ് നാട് മാസികയുടെ, ഇപ്പോഴും ലവലേശം നിറം മങ്ങിയിട്ടില്ലാത്ത കട്ടിക്കടലാസിട്ടാണ്. അതും കാളിദാസന്റെ മാളവികാഗ്നിമിത്രം മോസ്‌കോ അരങ്ങില്‍ ആടിയതിന്റെ നിറമുള്ള ചിത്രങ്ങള്‍. ചുക്കും ഗെക്കും അടക്കമുള്ള കുട്ടിക്കഥകളും സോവിയറ്റ് ലാന്‍ഡും സോവിയറ്റ് നാടും റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും മറ്റും മറ്റും മറക്കുവതെങ്ങനെ? കാലം പലതും മായ്ക്കുംപോലെ മധുരസ്മരണകള്‍ ബാക്കിയാക്കി ഇതും മാഞ്ഞുപോയി. അടുത്തത് ഒരു സാദൃശ്യമാണ്, ബ്രഹ്മോപദേശത്തിലെ ഒരു പ്രധാനകഥാപാത്രത്തിന്റെ പേര് മൈത്രേയി, അതെ ഞാന്‍ സ്വയം മാമോദീസ മുങ്ങി ബ്ലോഗ്കാലത്ത് എനിക്കിട്ട പേര്!

ഇനി മൂന്നാമത്തെ കാര്യം, ഇത് തര്‍ജ്ജമ ചെയ്ത സി.എ.ബാലന്‍ തന്റെ 'തൂക്കുമരത്തിന്റെ നിഴലില്‍' എന്ന ജീവിതസ്മരണ പുസ്തകത്തില്‍ എഴുതി ഒപ്പിട്ട കോപ്പി വീട്ടിലുണ്ടായിരുന്നു. Light and shade behind the bars എന്നോ മറ്റോ സ്വന്തം കൈപ്പടയില്‍ എഴുതി അച്ഛന് സ്‌നേഹപൂര്‍വ്വം സമ്മാനിച്ചതായിരുന്നു അത്. ഇപ്പോള്‍ അത് എവിടെയാണോ ആവോ?.  

ഇനി കാര്യത്തിലേക്കു കടക്കാം. ജയകാന്തന്റെ കഥകള്‍ എനിക്കു വലിയ ഇഷ്ടമാണ്. ലാളിത്യമാര്‍ന്നതാണ് ആ കഥാഖ്യാനശൈലി. ഏതോ വാരികയില്‍ പണ്ടെന്നോ വായിച്ച ഒരു കഥ, പേര് ഓര്‍മ്മിക്കുന്നില്ല, ഇപ്പോഴും കുറേ ഓര്‍മ്മയുണ്ട്. വിവാഹിതരായ പെണ്‍മക്കള്‍ എന്തോ ഒരു വിശേഷത്തിന് തിരികെ വീട്ടില്‍ ഒത്തുകൂടുന്നതും കണക്കുപറച്ചിലും പരാതികളും പരിദേവനങ്ങളുമായി അച്ഛനമ്മമാരുടെ സ്വൈര്യം കെടുത്തുന്നതും ഇവര്‍ എങ്ങിനെയെങ്കിലും സ്വന്തം വീട്ടില്‍ നിന്ന് ഒന്നു തിരിച്ചുപോയെങ്കില്‍ എന്ന് അവരുടെ ഗതികെട്ട പിതാവ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും മറ്റുമായിരുന്നു അത്. കഥ കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ആ പെണ്‍മക്കള്‍  ഒത്തുകൂടി തങ്ങളുടെ വീട് വിയറ്റ്‌നാംവീടാക്കി മാറ്റുന്നതും മറ്റും മനസ്സില്‍ അവശേഷിപ്പിച്ച വികാരം ഇപ്പോഴും ഉണ്ട്. അല്ലെങ്കിലും ജീവിതത്തിലും പലപ്പോഴും അങ്ങനെയാണല്ലോ, ഒരു സംഭവം നടന്നാല്‍ കാലം കഴിയുമ്പോള്‍ സംഭവം നമ്മള്‍ മറന്നു പോയെന്നിരിക്കും പക്ഷേ അത് നമ്മില്‍ അവശേഷിപ്പിച്ച വികാരം, ചിലപ്പോള് ആഘാതം നമ്മള്‍ക്കു മറക്കാന്‍ കഴിയില്ല.

വെറും 83 പേജേ ഉള്ളു രണ്ടു നോവലറ്റുകളും കൂടി.ശ്ശടോന്ന് വായിച്ചുതീര്‍ക്കാം എന്ന് അര്‍ത്ഥം. ബ്രഹ്മോപദേശം ആണ് മുഖ്യഭാഗവും. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ ചെയ്തികളും നമ്മുടെ മനസ്സില്‍ തട്ടും. അത്ര തന്മയത്വമാര്‍ന്നതാണ്, സ്വാഭാവികമാണ് കഥാപാത്രസൃഷ്ടിയും അവതരണവും.

ബ്രഹ്മോപദേശം

ശങ്കരശര്‍മ്മയ്ക്ക് ബ്രാഹ്മണ്യം തപസ്യയാണ്, സാധനയാണ്. വിഐപികള്‍ക്ക് വേണ്ടി മാത്രം വിശേഷാവസരങ്ങളില്‍ സദ്യ ഒരുക്കിക്കൊടുക്കലാണ് ജീവിതസന്ധാരണത്തിനുള്ള മാര്‍ഗ്ഗം. അതിരുചികരമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ ശര്‍മ്മ ഉള്ളാലെ ചിരിക്കും, അതൊന്നും ആ ശുദ്ധബ്രാഹ്മണന്‍ രുചിച്ചു നോക്കുക കൂടിയില്ല!. ആചാരോപചാരപ്രകാരം മാത്രം ഏകമകള്‍ മൈത്രേയി ഉണ്ടാക്കുന്ന ഭക്ഷണമേ ശര്‍മ്മ കഴിക്കൂ. 2 വയസ്സില്‍ അമ്മ മരിച്ച മകള്‍ക്ക് ഇപ്പോള്‍ വയസ്സ് 19 ആയെങ്കിലും ജന്മം കൊണ്ടല്ലാതെ ജീവിതരീതികൊണ്ട് ബ്രാഹ്മണ്യം പാലിക്കുന്ന ഉത്തമ ബ്രാഹ്മണനെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് വിവാഹം നടത്തിയിട്ടില്ല. അതിന് അദ്ദേഹം മനുവിനെ കൂട്ടുപിടിക്കുന്നതിങ്ങനെ.

' 'പുഷ്പിണിയാകുന്നതിനു മുമ്പു തന്നെ അനുരൂപനായൊരു വരനെ തേടിപ്പിടിച്ച് വിവാഹം നടത്താത്തൊരു പിതാവ് പിതാവ് നിന്ദ്യനാണെന്നു' മനു പറഞ്ഞിട്ടുണ്ട്. അനുരൂപനായ വരനെന്നാണു പറഞ്ഞിരിക്കുന്നത്....അവന്‍ ഉഞ്ഛവൃത്തിയെടുക്കുന്നവനായാലും വേണ്ടില്ല, ബ്രഹ്മജ്ഞാനവും വേദവിശ്വാസവുംകൊണ്ട് ലോകത്തെ പരിപാലിക്കുന്നവനാകണം.' ഇതാണ് ശങ്കരശര്‍മ്മ! മൈത്രേയിയുടെ ശ്വാസം മുട്ടിക്കുന്ന ജീവിതം വായിക്കുമ്പോള്‍ ഹോ ഈ ബ്രാഹ്മണന് ഇനി  എന്ന് ബുദ്ധിതെളിയും എന്ന് ഞാനും വല്ലാതെ ആശങ്കപ്പെട്ടു. അത്രയക്കും നമ്മെ ആ ജീവിതങ്ങളുമായി അലിയിച്ചു ചേര്‍ക്കുന്നണ്ട് ജയകാന്തന്റേയും ഒട്ടും കല്ലുകടി തോന്നാത്ത മൊഴിമാറ്റത്തിന്റെയും ലളിതശൈലിയും ഭാഷയും.

തന്റെ പാചകശാലയില്‍ ജോലിക്കു വന്ന കമ്യൂണിസ്റ്റും നാസ്തികനുമായ ശേഷാദ്രി എന്ന ബ്രാഹ്മണചെറുപ്പക്കാരന്‍ 'ഏതൊരു ബ്രാഹ്മണനും പുഷ്പിണിയായ മകളെ മൂന്നു സംവത്സരത്തിനകം വിവാഹംചെയത് കൊടുക്കാതിരുന്നാല്‍ ആ പെണ്ണിന് ഇഷ്ടമുള്ള പുരുഷനെ സ്വയം തേടിപ്പോകാം ' എന്ന് മനുവചനം ഉദ്ധരിച്ച് ശങ്കരശര്‍മ്മക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നു. മകള്‍ ശേഷാദ്രിക്കൊപ്പം പോയപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്‍ തകര്‍ന്നുവെങ്കിലും പെട്ടന്നുതന്നെ സമനില വീണ്ടെടുത്തു, മകളുടെ കല്യാണമുഹൂര്‍ത്തത്തില്‍ തന്നെ ബ്രാഹ്മണനല്ലെങ്കിലും ബ്രാഹ്മണ്യം അനുഷ്ഠിക്കുന്ന ഓതുവര്‍ വിഭാഗക്കാരനായ സദാനന്ദ ഓതുവര്‍ എന്ന ചെറുപ്പക്കാരനെ ആചാരാനുഷ്ഠാനങ്ങള്‍നടത്തി ബ്രാഹ്മണനാക്കി മാറ്റി സ്വപുത്രനാക്കുന്നു! വസിഷ്ഠനില്‍ നിന്ന് ' ബ്രഹ്മര്‍ഷി 'പദം കരസ്ഥമാക്കിയ വിശ്വാമിത്രനും കണ്വമഹര്‍ഷിയുമൊന്നും ജന്മംകൊണ്ട് ബ്രാഹ്മണരല്ല എന്നും അവരെല്ലാം ബ്രഹ്മജ്ഞാനം നേടി ബ്രാഹ്മണധര്‍മ്മങ്ങളനുഷ്ഠിച്ച് ബ്രാഹ്മണരായവരാണെന്നും അതിനു ന്യായവും കണ്ടെത്തുന്നു.

ശര്‍മ്മ, മകള്‍ മൈത്രേയി, പ്രിയചങ്ങാതി ഗുണ്ടുരായര്‍, ഭാര്യ ഗംഗാഭായി, ശേഷാദ്രി, സദാനന്ദന്‍ ഇവരോടെല്ലാം നമുക്ക് സ്‌നേഹം തോന്നും.  'ഇവരൊക്കെ എന്തുതരം ബ്രാഹ്മണരാണ്! പേര്‍മാത്രം. ബ്രാഹ്മണ്യവും ബ്രഹ്മതേജസ്സും കാണുന്നില്ലല്ലോ' എന്ന് ശര്‍മ്മ ഏറ്റവമധികം വെറുത്തതും സ്വജാതീയരെയാണ്.  ' പക്ഷേ എന്നിട്ടും ആ സമുദായത്തോടൊന്നിച്ചു തന്നെ ജീവിക്കേണ്ടിയും വന്നു. ഇങ്ങനെ സ്വയം കെട്ടിത്തീര്‍ത്ത ബ്രാഹ്മണ്യം എന്ന കൂടിനുള്ളില്‍ കറങ്ങുന്ന ശര്‍മ്മയോടും പക്ഷേ ലവലേശം ദേഷ്യം തോന്നില്ല. എന്നു മാത്രമല്ല, ഇതൊക്കെയാണല്ലോ ജീവിതം എന്ന് തോന്നുകയും ചെയ്യും.

അഗ്നിപ്രവേശം
 
ശര്‍മ്മയുടേയും മൈത്രേയിയുടേയും വീട്ടില്‍ നിന്ന് ഇറങ്ങി നടന്നെത്തിയത് ഒരു പാവം കോളേജുകുമാരിയുടെ അടുത്താണ്. ഇക്കഥയില്‍ കഥാപാത്രങ്ങള്‍ക്കു പേരില്ല, അവള്‍, അയാള്‍, അവളുടെ അമ്മ, അമ്മായി ഇത്ര പേരേയുള്ളു. അമ്മായി ഒന്നു മിന്നിമായുന്ന വെറും ഗസ്റ്റ് ആര്‍ട്ടിസ്റ്റ് മാത്രവും. അവിചാരിതമായി അപരിചിതനാല്‍ മുറിവേറ്റ പെണ്‍കുട്ടിയെ വിസ്തരിച്ച് ചീവയ്ക്കാപ്പൊടി തേപ്പിച്ച് കുളിപ്പിച്ച് വിധവയായ അമ്മ 'നീ ഇപ്പോള്‍ പരിശുദ്ധയായിരിക്കുന്നു മകളേ' എന്നു ധൈര്യം കൊടുത്ത് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതാണ് കഥ.

'ചില നേരങ്ങളില്‍ ചില മനിതര്‍കള്‍' എന്ന പ്രശസ്ത തമിഴ് സിനിമ ഇത് ആസ്പദമാക്കിയിട്ടുള്ളതാണ്. കഥ വളരെയധികം കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. ആ സിനിമയുടെ പേരിന്റെ അര്‍ത്ഥം ഏറെക്കാലം എനിക്ക മനസ്സിലായിരുന്നില്ല. പിന്നെ എപ്പോഴോ വെളിപാടു പോലെ മനസ്സിലായി. അന്നുമുതല്‍ ഇന്നുവരെ അത് എന്റെ പ്രിയപ്പെട്ട പ്രയോഗമാണ്. പലപ്പോഴും ശ്ശോ ഇവര്‍ എന്താ ഇപ്പോള്‍ ഇങ്ങനെ എന്ന് അന്തം വിടുന്ന സമയങ്ങളിലെല്ലാം ഞാന്‍ എന്നോടു തന്നെ പറയും, ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, എന്ന്. അങ്ങിനെ പറയേണ്ടി വരുന്ന ചിന്തിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ വളരെയധികം ഉണ്ടാകുന്നുണ്ട് താനും. 

ആ സിനിമയും കണ്ടതാണ്. ലഷ്മിയാണ് നായിക. പുസ്തകം വായിക്കുമ്പോള്‍ വര്‍ണ്ണനകള്‍ വായിക്കുമ്പോള്‍ എല്ലാം ലഷ്മിയെ ആണ് ഞാന്‍ മനസ്സില്‍ കണ്ടത്. അതിലെ ഒരു രംഗവും ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്. അബദ്ധംപറ്റിയ മകള്‍ പിന്നെ കരുതലോടെ ജീവിച്ചു, പഠിച്ചു മിടുക്കിയായി ഉദ്യോഗസ്ഥയുമായി. ഒരു നാള്‍ അമ്മയും മകളുമായി വഴക്കു കൂടിയപ്പോള്‍ അപ്പോഴത്തെ ദേഷ്യത്തിന് നിങ്ങള്‍ വിധവ ആയിട്ടും തല മുണ്ഡനം ചെയ്യാത്തതെന്താ എന്നോ മറ്റോ മറുചോദ്യം ചോദിക്കുന്നു. വൈകുന്നേരം ഓഫീസില്‍ നിന്നു മടങ്ങിയെത്തിയ മകള്‍ തല മുണ്ഡനം ചെയ്തു നില്‍ക്കുന്ന അമ്മയെ കണ്ട് ഞെട്ടിത്തരിക്കുന്നു. വാ വിട്ട വാക്ക് എവിടെയൊക്കെ ചെന്നു കൊള്ളുമെന്ന്, തിരിച്ചു വന്ന് നമ്മെ കൊത്തുമെന്ന്, ദേഷ്യം വരുമ്പോള്‍ നമ്മള്‍ തീരെ ഓര്‍മ്മിക്കാറില്ലല്ലോ.

ഇത് എഴുത്ത് ഒരുതരം പടപ്പ് ആണ് എന്ന് എനിക്കറിയാം. എന്നാലും ഇവിടെ കിടക്കട്ടെ.     

Saturday, December 5, 2015

വംഗവസന്തം-01

                                               
ഒക്ടോബറില്‍ ഒരാഴ്ച്ച കോട്ടയം കിംസ് ആശുപത്രി മുറിയില്‍ അമ്മയുടെ കൂട്ടിരിപ്പുകാരി ആയിരുന്നു ഞാന്‍. എന്തോ പേടിസ്വപ്‌നം കണ്ടെന്ന പോലെ ഒരിക്കല്‍ ഉറക്കം ഞെട്ടി അമ്മ ചോദിച്ചു,

'ടാണ്ഡബാരോവിനെ നീ ഓര്‍ക്കുന്നോ? '

വേണ്ടതും വേണ്ടാത്തതുമായി ഒരു പിടി കാര്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എന്റെ 'മെമ്മറി ' ക്ക് പെട്ടന്ന് അത് 'അക്‌സസ്'ചെയ്യാനായില്ല. ഇല്ല എന്നു ഞാന്‍ തലയാട്ടി.

'ആരണ്യക് ' അമ്മ പറഞ്ഞു.

'ഓ...വിഭൂതിഭൂഷണ്‍ വന്ദ്യോപാദ്ധ്യായ അല്ലേ ' എനിക്ക് നൊടിയിടയില്‍ ഓര്‍മ്മ തെളിഞ്ഞു. വന്യമഹിഷദേവതയായ ടാണ്ഡബാരോവിനെ അമ്മ സ്വപ്‌നം കണ്ടോ ആവോ. എനിക്കു സങ്കടമായി. കാട്ടുപോത്തിന്‍കൂട്ടത്തിന്റെ ദേവതയാണ് അത്. 

'ഓ, പഥേര്‍ പാഞ്ചാലിയും അതേ ആളുടേതല്ലേ, ' വിഷമം പുറത്തു കാണിക്കാതെ ഞാന്‍ ടാണ്ഡബാരോവില്‍ നിന്ന് സൂത്രത്തില്‍ അമ്മയുടെ ശ്രദ്ധ തിരിച്ചു. അമ്മ പിന്നെ അപുവിലേക്കും ദുര്‍ഗ്ഗയിലേക്കും, അവിടെ നിന്ന് സത്യജിത്‌റേയിലേക്കും സഞ്ചരിച്ചു. തീരെ ഒളിമങ്ങാത്ത അമ്മയുടെ വായന ഓര്‍മ്മകള്‍!

അമ്മയുടെ വാക്കുകള്‍ എന്നിലും ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ ഉണര്‍ത്തി. പഴയ വായനക്കാലത്തേക്കൊന്നു മടങ്ങാന്‍, ആ ബംഗാളിസാഹിത്യ വസന്തം ഒന്നു കൂടി നുകരാന്‍, ആ തെളിനീര്‍നിര്‍ഝരിയില്‍ ഒന്ന് നീന്തിത്തുടിക്കാന്‍, മനസ്സു വെമ്പി.

ടാഗോറിന്റെ കഥാരത്‌നങ്ങള്‍, യോഗായോഗ്, ആരോഗ്യനികേതനം, നിറം പിടിപ്പിച്ച നുണകള്‍, വിലയ്ക്കു വാങ്ങാം, ബീഗം മേരി ബിശ്വാസ്, സുവര്‍ണ്ണലത, ബകുളിന്റെ കഥ അങ്ങനെ എത്രയെത്ര. എന്തായാലും ഒരിക്കല്‍ക്കൂടി ഞാന്‍ അവയുടെ മധുരം നുണയട്ടെ.

ആരണ്യക്

വെറും 56-ാം വയസ്സില്‍, 1950 ല്‍ ഈ ലോകം വിട്ടുപോയ ആളാണ് വിഭൂതിഭൂഷണ്‍ വന്ദ്യോപാദ്ധ്യായ. പക്ഷേ അദ്ദേഹം ഇപ്പോഴും വായിക്കപ്പെടുന്നു, ബംഗാളിയില്‍ മാത്രമല്ല, ഇംഗഌഷില്‍, വിവിധ ഇന്‍ഡ്യന്‍ ഭാഷകളില്‍.

പി. വാസുദേവക്കുറുപ്പ് മൊഴിമാറ്റിയ ഈ കൃതി എസ്പിസിഎസ് ആദ്യം പ്രസിദ്ധീകരിച്ചത് 1958 ലത്രേ. ഹൃദ്യമായ ആമുഖത്തില്‍ പറയുന്നതുപോലെ ഒരു 'ഗദ്യരൂപം പൂണ്ട കാന്താരഗീതകം'ആണ് ഇത്. ആമുഖകാരനായ സുനീത് കുമാര്‍ചാറ്റര്‍ജി ഇതിനെ താരതമ്യം ചെയ്യുന്നത് ഋഗ്വേദത്തിലെ 'അരണ്യാനിസ്തവം', ബാണഭട്ടന്റെ 'വന്യഗ്രാമകം' എന്നീ വനവര്‍ണ്ണനകളോടത്രേ. കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വ്യക്തമായൊരു കഥാതന്തു ഈ നോവലിന് ഇല്ല. അതിശൈത്യത്തില്‍ വിറയ്ക്കുകയും കൊടുംവേനലില്‍ കാട്ടുതീയില്‍ കത്തിയമര്‍ന്ന് ജലത്തിനായ് കേഴുകയും ചെയ്യുന്ന കൊടുംകാടാണ് പ്രധാനകഥാപാത്രം. ആ പര്‍വ്വതവനാന്തരങ്ങളുടെ മേല്‍ മനുഷ്യന്‍ നടത്തിയ കടന്നുകയറ്റത്തിന്റെ കഥയാണ് ഇത്.

്‌വക്കീല്‍ഭാഗം പാസ്സായ സത്യചരണന്‍ ഉപജീവനാര്‍ത്ഥം, കല്‍ക്കട്ടയിലെ തിരക്കിലും പരിഷ്‌ക്കാരത്തിലും നിന്നു വിട്ട് ബംഗാളിനോടു ചേര്‍ന്നു കിടക്കുന്ന ഉത്തരബീഹാറിലെ പതിനായിരത്തോളം ഏക്കര്‍ വിസ്തൃതിയുള്ള വനം എസ്റ്റേറ്റില്‍ ഭൂമി പാട്ടത്തിനു കൊടുപ്പിക്കുന്ന മാനേജര്‍ ഉദ്യോഗം ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാവുന്നു. ആദ്യമാദ്യം അവിടെ നിന്ന് കല്‍ക്കത്തയിലെ തിരക്കിലേക്കും പരിഷ്‌കൃതിയിലേക്കും ഓടിരക്ഷപ്പെടാന്‍ ആഗ്രഹിച്ച മാനേജര്‍ബാബു പതിയെ ആ വന്യപ്രകൃതിയുമായി, 'പാണ്ഡവന്മാര്‍ പോലും വര്‍ജ്ജിച്ച വനാന്തരങ്ങളുമായി', അപരിഷ്‌കൃതരെന്നു മുദ്ര കുത്തപ്പെട്ട അവിടുത്തെ നല്ല മനുഷ്യരുമായി പ്രണയബദ്ധനാകുകയാണ്, ഒപ്പം വായനക്കാരായ നമ്മളും. മാനേജര്‍ബാബുവിന്റെ വര്‍ണ്ണന വായിച്ച് മനക്കാഴ്ച്ചയില്‍ കണ്ട, നീലനിറമാര്‍ന്ന സരസ്വതീതടാകത്തിലെ തെളിനീരും അതിന്റെ തീരത്തുള്ള നിബിഡവനവും ഇപ്പോഴും കണ്ണിന്‍മുമ്പിലുണ്ട്.

പ്രകൃതിയുടെ ആ വരദാനം അകളങ്കമായി അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിച്ചിട്ടും തന്നെ  നിയമിച്ച ജമീന്ദാരുടെ ഉത്തരവു പ്രകാരം ആ കാട് വെട്ടിത്തെളിച്ച് അത് പലര്‍ക്കായി പാട്ടത്തിനു പതിച്ചുകൊടുക്കേണ്ടി വന്നു മാനേജര്‍ബാബുവിന്. അവസാനം തന്റെ ഉദ്യമം നിര്‍വ്വഹിച്ച ശേഷം 'അരണ്യാനിയുടെ ആദിമവനദേവതമാരെ, എനിക്കു മാപ്പരുളണേ!വിടതരണേ!' എന്ന് മാപ്പ് അപേക്ഷിച്ച് വിടവാങ്ങുകയാണ് കഥ പറയുകയും കൂടി ചെയ്യുന്ന മാനേജര്‍ ബാബു.

ഇതില്‍ വില്ലന്മാര്‍ രണ്ടുപേരെയുള്ളു. ബാക്കിയുള്ളവര്‍ സാധുക്കളാണ്, പക്ഷേ അവരുടേതായ വ്യക്തിത്വമുള്ളവര്‍. പല കാടുകളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും വിവിധയിനം സസ്യലതകള്‍ ശേഖരിച്ച് കാടിന്റെ സസ്യവൈവിദ്ധ്യം വര്‍ദ്ധിപ്പിക്കേണ്ടത് തന്റെ കടമ പോലെ കരുതുന്ന യുഗളപ്രസാദന്‍, ആ മഹത് ഉദ്യമത്തിന് മനസ്സുകൊണ്ടും ശരീരംകൊണ്ടും എല്ലാ പിന്തുണയും നല്‍കുന്ന മാനേജര്‍ ബാബു, നിര്‍ലോഭം പണം കടംകൊടുക്കുന്നത് തന്റെ ധര്‍മ്മമാണെന്നു കരുതുന്ന, പണം തിരിച്ചു കിട്ടായ്ക 'ശാന്തനായി ഉദാസീനഭാവത്തില്‍' സഹിക്കുന്ന ധാവതാല്‍സാഹു,  വളരെ ബുദ്ധിമുട്ടി ഗയയില്‍ പോയി ഛക്കര്‍ബാജിയാട്ടം പഠിച്ച, എന്നെങ്കിലും കല്‍ക്കട്ടയില്‍ പോയി നൃത്തം അവതരിപ്പിക്കണമെന്നു സ്വപ്‌നം കാണുന്ന, ധാതുരിയാ എന്ന ബാലകന്‍, രാജു പാണ്ഡേ, ദോബരു പാന്നാ വീരവര്‍ത്തി എന്ന സാന്താള്‍ രാജാവ്, കുന്താ, ഭാനുമതി, മഞ്ചി...അങ്ങനെ അങ്ങനെ നമ്മുടെ മനസ്സില്‍ കുടിയേറുന്നു ഓരോ കഥാപാത്രവും. അവര്‍ അതിമാനുഷരല്ല, പച്ച മനുഷ്യര്‍. 

്'ഇവരുടെ ദാരിദ്യം, ഇവരുടെ സാരള്യം, കഠോരമായ ജീവിതസമരത്തില്‍ ഇവരുടെ കഴിവ്-ഈ അന്ധകാരമയമായ അരണ്യഭൂമിയും മഞ്ഞുപെയ്യുന്ന തുറന്ന ആകാശവും സുഖലോലുപതയുടെ കോമളകുസുമാസ്മൃതമായ മാര്‍ഗ്ഗത്തിലേക്ക് ഇവരെ ഇറക്കി വിട്ടിട്ടില്ല.'

ചീനപ്പുല്ലരി, ചോളം, പയര്‍, ഗുഡ്മി അരി, ഘേരി അരി, ധുന്ദിലം ഇല, നാഥുയാച്ചീര, ഗുഡ്മിക് കായ, ഇതൊക്കെ മാത്രം ഭക്ഷിക്കുന്ന, നെല്ലരി ചോറൂണ് വല്ലപ്പോഴും ഭാഗ്യമുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന അത്യാഡംബരമാകുന്ന ചില മനുഷ്യര്‍. കുംഭമാസം മുഴുവന്‍ മിയക്കവരും ഗുഡ്മിക് കായകള്‍ മാത്രമാണ് കഴിക്കുന്നതത്രേ! അതു വായിക്കുമ്പോള്‍ അത്ഭുതപ്പെട്ടു പോകും, ഇത്രയും പട്ടിണിപ്പാവങ്ങളോ എന്ന്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ബീഹാര്‍ പ്രാന്തങ്ങളിലെ സബ്‌സ്‌റ്റേഷനുകളില്‍ കമ്മീഷനിംഗിനു പോയിരുന്നവര്‍ പറയുന്ന ബീഹാര്‍ കഥകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലായിരുന്നു അവിടം അപ്പോഴും കഥയെഴുതിയ 1930-40 കളില്‍ നിന്ന് അത്രയൊന്നും പുരോഗമിച്ചിട്ടില്ല എന്ന്. പക്ഷേ ഒന്നുണ്ട്, സമീകൃതാഹാരം എന്നു നമ്മള്‍ പറയുന്നത് ഒന്നും ഇവര്‍ കഴിക്കുന്നില്ലെങ്കിലും പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഇവരാരും പക്ഷേ പട്ടിണിക്കോലങ്ങളല്ല, മറിച്ച് അതീവ ആരോഗ്യമുള്ളവരത്രെ.

ഇവിടുത്തെ സ്ഥലപ്പേരുകളെല്ലാം കേള്‍ക്കാന്‍ ഇമ്പുമുണ്ട്. പൂര്‍ണ്ണിയാ, ഭഗല്‍പുരം, ലബ്ടുലിയാ ബയിഹാരം, ഫൂല്‍കിയാബയിഹാരം, സീതാപുരം, നാഢാബയിഹാരം, ലഷ്മീപുരം, ജയന്തിമല തുടങ്ങിയവ. കാടുകളും അങ്ങനെ തന്നെ. മോഹനപുരാ റിസേര്‍വ് വനം, ലാക്ഷാകീടങ്ങളെ വളര്‍ത്തുന്നതിനു വേണ്ടിയുള്ള ബദരീവനം, മധുവനീവനം....ആസാന്‍ മരം, ഗ്രാന്റ് സാഹിബ് വടവൃക്ഷം, കടുക്കാമരം, ശാല്മലീ വൃക്ഷം, ഝാബുകമരം, മഹുയാമരം-കരടികള്‍ ഈ മരത്തില്‍ വലിഞ്ഞുകയറി പൂക്കള്‍ കഴിക്കും-രക്തപാലാശിപ്പൂക്കള്‍, ഗോളഗോളിപ്പൂക്കള്‍, സേഫാലിക ,ഭോംരാ ലതപ്പൂക്കള്‍, ഹംസലത, ദുധിയാപ്പൂക്കള്‍, എന്നിങ്ങനെ ഒരു പിടിയുണ്ട് സസ്യജാലവൈവദ്ധ്യം. ഇപ്പോള്‍ അവയൊന്നും അവിടെ കാണണമെന്നില്ല.

കേരളത്തിലെ കിഴക്കന്‍ മലകളുടെ കയ്യേറ്റ കഥകള്‍ പറയുന്ന ഇ.എം. കോവൂരിന്റെ നോവലുകള്‍, പ്രത്യേകിച്ച് 'മലകള്‍' ഓര്‍മ്മിപ്പിച്ചു, ഈ പുസ്തകം. പക്ഷേ അതില്‍ കഥ വികസിക്കുന്നത് കഥാപാത്രങ്ങളിലൂടെയാണ്, ഇവിടെ അങ്ങനെയല്ല. പ്രകൃതിയാണ് ഇതില്‍ ആദ്യന്തം താരം. ചില സൂചനകള്‍ കേട്ടാലും.

'പ്രകൃതി തന്റെ ഭക്തന്മാര്‍ക്കു കൊടുക്കുന്നത് അത്യന്തം അമൂല്യമായ ദാനമാണ്. എന്നാല്‍ വളരെക്കാലം പ്രകൃതിയെ ആരാധിക്കാതെ ആ ദാനം ലഭിക്കുകയില്ല. മാത്രമല്ല പ്രകൃതിറാണി അസൂയക്കാരിയും ആണ്. പ്രകൃതിയെ മോഹിക്കുന്നുവെങ്കില്‍ പ്രകൃതിയെത്തന്നെ സ്വീകരിച്ചുകൊള്ളണം. മറ്റൊരു ദിക്കില്‍ മനസ്സുകൊടുത്താല്‍ ആ അഭിമാനിനി അവളുടെ മൂടുപടം മാറ്റുകയില്ല. '

'പ്രകൃതിയുടെ ആ മോഹിനീരൂപത്തിന്റെ വശ്യത മനുഷ്യനെ ഗൃഹത്യാഗിയാക്കും. ' അതിനാല്‍ വീടുംകെട്ടി കുടുംബജീവിതം നയിക്കുന്നവര്‍ ആ രൂപം കാണാതിരിക്കയാണ് നല്ലത് എന്നുകൂടി കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്! അതിനാല്‍ ഓര്‍മ്മിക്കുക, പ്രകൃതി വര്‍ണ്ണനകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രമേ ഈ പുസ്തകം ഹൃദ്യമായി തോന്നുകയുള്ളു.

മൊഴിമുത്തുകളില്‍ ചിലത് കൂടി:

'ഒരു കഥ കേട്ടാല്‍ മാത്രം പോരാ, കഥ കേള്‍ക്കുന്ന പശ്ചാത്തലത്തിലും പരിതസ്ഥിതിയിലുമാണ് അതിന്റെ മാധുര്യം സ്ഥിതി ചെയ്യുന്നതെന്ന്, കഥ കേള്‍ക്കുവാന്‍ അഭിരുചിയുള്ളവനു മാത്രമേ അറിഞ്ഞുകൂടൂ.'

'ലോകത്തിലെ പല വസ്തുക്കളുടെ മേലും ഒരു കൃത്രിമമൂല്യം ആരോപിച്ച് നാം അവയെ വലുതോ ചെറുതോ ആക്കിത്തീര്‍ക്കുന്നുണ്ട്.' എത്ര സത്യം!

മൊഴിമാറ്റ ഭാഷ ചിലയിടത്തൊക്കെ ലേശം കൂടി നന്നാക്കാമായിരുന്നു, ആകര്‍കമാക്കാമായിരുന്നു എന്നു തോന്നാതിരുന്നില്ല. ഇതേ പുസ്തകം ലീലാ സര്‍ക്കാര്‍ പരിഭാഷപ്പെടുത്തിയത് ഇപ്പോഴും വിപണിയിലുണ്ടെന്ന് തോന്നുന്നു. അത് ഞാന്‍ വായിച്ചിട്ടില്ല.

പഥേര്‍ പാഞ്ചാലി:

വി.ബാലകൃഷ്ണന്‍ 1968 ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് എന്‍ബിഎസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. അപുവിന്റേയും ദുര്‍ഗ്ഗയുടേയും ഈ കഥ, സത്യജിത് റേയുടെ ആദ്യസിനിമ കൂടിയായ ഈ കഥ ആമുഖത്തിന് അതീതമാണ്, എല്ലാവര്‍ക്കും സുപരിചിതമാണ് എന്നറിയാം. അതിന് ഒരുമ്പെടുന്നുമില്ല. പാഞ്ചാലി നമ്മുടെ വടക്കന്‍ പാട്ടു പോലെ ബംഗാളില്‍ ഉള്ള ഗാനവിശേഷമാണ്, പഥേര്‍ പാഞ്ചാലി എന്നാല്‍ 'വഴിയുടെ ഗാഥ' എന്നര്‍ത്ഥം എന്ന് ആമുഖം പറയുന്നു. ഹൃദ്യമാണ് വെറും 94 പേജുള്ള ഈ കുഞ്ഞിപ്പുസ്തകത്തിന്റെ കഥയും ആഖ്യാനരീതിയും. മൊഴിമാറ്റമാണല്ലോ എന്നൊന്നും തോന്നിപ്പിക്കുന്നതേയില്ല. പുരോഹിതനായ ഹരിഹരറായി, ഭാര്യ സര്‍വ്വജയ, മക്കളായ ദുര്‍ഗ്ഗ, അപു, ഇവരെല്ലാം നമ്മുടെ തൊട്ടയല്‍പക്കം എന്നു തോന്നും വിധം ഹൃദ്യമായ ആഖ്യാനം.

Sunday, November 29, 2015

ഷേക്സ്പിയര്‍ രചനകളുടെ പിന്നാമ്പുറക്കഥകള്‍-ഭാഗം ഒന്ന്

സൈകതം പോര്‍ട്ടലില്‍ വന്നു ഈ കുറിപ്പ്. ലിങ്ക്  ഇവിടെ. 

പുസ്തകം- ഷേക്‌സ്പിയേഴ്‌സ് സ്റ്റോറി ബുക്ക് (Shakespeaer's Story book)
പുനരാഖ്യാനം -പാട്രിക് റിയാന്‍(Patrick Ryan)
ചിത്രം വര- ജെയിംസ് മേഹ്യൂ(James Mayhew)
പ്രസിദ്ധീകരിച്ചത് - ബെയര്‍ ഫുട്ട് ബുക്ക്‌സ് (Barefoot Books)

വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ സ്റ്റ്രാറ്റ്‌ഫോഡ് അപ്പോണ്‍ എവണിലെ വീടും അദ്ദേഹത്തിന്റെ ഗ്ലോബ് തീയേറ്ററും സന്ദര്‍ശിച്ചത് അഞ്ചു വര്‍ഷം മുമ്പാണ്. ഇപ്രാവശ്യത്തെ രണ്ടാം വരവിനാണ് 'ഷേക്‌സ്പിയേഴ്‌സ് സ്റ്റോറിബുക്ക് ' വായിക്കാനിടയായത്. കുട്ടികള്‍ക്കു വേണ്ടിയുള്ള പുസ്തകമാണ്, പക്ഷേ വലിയവര്‍ക്കും വായിക്കാം, ഇഷ്ടപ്പെടും.

ഷേക്‌സ്പിയര്‍ കൃതികളുടെ, കുട്ടികള്‍ക്കു വേണ്ടിയുള്ള സംഗ്രഹ കഥകള്‍ എന്നു കരുതിയാണ്, വാസ്തവത്തില്‍ ബുക്ക് വായിക്കാന്‍ എടുത്തത്. പക്ഷേ അതല്ല, ഏഴു കൃതികളുടെ വളരെ ചുരുക്കിയ കഥാസാരവും ഓരോ കഥയുടേയും പിന്നാമ്പുറക്കഥകളുമാണ് പുസ്തകത്തിലുള്ളത്. പലതും നമ്മളും കേട്ടിട്ടുള്ള വളരെ പ്രശസ്തമായ നാടോടി കഥകള്‍! പുനരാഖ്യാനം നടത്തിയ പാട്രിക് റയാന്‍ ആമുഖത്തില്‍ പറയുന്നതിങ്ങനെ-'ഒരു നല്ല കഥ ഒന്നില്‍ കൂടതല്‍ പ്രാവശ്യം പറയുന്നതിന് യോഗ്യമാണ് എന്ന് ഒരു നല്ല കഥപറച്ചിലുകാരന് അറിയാം. ' ഷേക്‌സ്പിയര്‍ ഇക്കഥകള്‍ സ്വന്തം കുടുംബത്തിലും ഗ്രാമത്തിലും നിന്ന് വാമൊഴിയായി കേട്ടതാവാം, പിന്നീട് ഗ്ലോബ് തിയേറ്റിനുവേണ്ടി ഇവയെല്ലാം പുനഃസൃഷ്ടിക്കപ്പെട്ടതാവാം' എന്നും പറയുന്നു.

ശരിയാണ്, പലവട്ടം പറയാം, ഒരേ ആശയം പലര്‍ക്കും തോന്നുകയും ചെയ്യാം. ഓരോ സിനിമ ഇറങ്ങുമ്പോഴും നമ്മുടെ നാട്ടില്‍ മോഷണം, മോഷണം എന്ന് മുറവിളി വരാറുണ്ട്. ചിലവ മനഃപൂര്‍വ്വം കോപ്പിയടിക്കുന്നതാവാം, പക്ഷേ എല്ലായ്‌പ്പോഴും അതു മോഷണമാവണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ വട്ടം നമ്മുടെ 'യോദ്ധാ'യുമായി അങ്ങേയറ്റം സാമ്യമുള്ള ഒരു സിനിമ കണ്ടിരുന്നു, പേരു മറന്നു, അതു മാത്രമല്ല, പലതും കണ്ടു. പല രാജ്യത്ത് പല കാലത്ത് ജീവിക്കുന്നവര്‍ക്ക്, ജീവിച്ചിരുന്നവര്‍ക്ക് ഒരേ പോലെ ചിന്തിച്ചു കൂടാ എന്നില്ലല്ലോ.

ഓരോ പിന്നാമ്പുറക്കഥയ്ക്കും പല സ്രോതസ്സുകള്‍ ഉണ്ടാവാമെന്നും, കഥാകാരനും ശ്രോതാക്കളും മാറുന്നത് അനുസരിച്ച് കഥയും കുറേയൊക്കെ വ്യത്യസ്തമാവാം എന്നും തന്റെ കാര്യമാത്ര പ്രസക്തമായ ചെറു അവതാരികയില്‍ പാട്രിക് പറയുന്നുണ്ട്.

ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം, പുനരാഖ്യാനകാരന്‍ പറഞ്ഞുവയ്ക്കുന്നവയാണ്. പക്ഷേ കൃത്യമായ പരിഭാഷ അല്ല് എന്നു മാത്രം.

1. ദ ടെയിമ്ംഗ് ഓഫ് ദി ഷ്രൂ.(1592)

'ശുണ്ഠിക്കാരിയെ മെരുക്കല്‍' എന്ന നാടകം ഷേക്‌സ്പിയറിന്റെ ആദ്യകാലകൃതികളിലൊന്നാണ്. മുശടന്‍ സ്വഭാവത്തിന്റെ പേരില്‍ ആരും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന കാതെറീനയുടേയും അവളെ മെരുക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് വിവാഹം കഴിച്ച് നല്ലവഴിക്കു നടത്തുന്ന പെത്ര്യൂക്യോവിന്റേയും കഥ പറയുന്നു ഈ ശുഭപര്യവസായിയായ നാടകം. വിവാഹം ചെയ്യുന്നത് തുല്യരായവര്‍ തമ്മില്‍ വേണമെന്നാണ് ഈ നാടകത്തിന്റെ പ്രധാന സന്ദേശം നമ്മുടെ ആഗ്രഹപൂര്‍ത്തികരണത്തിന് കരുണയോടെയുള്ള സമീപനം എത്രമാത്രം ഉതകുമെന്ന് പെത്ര്യൂക്യോ കാതെറീനയ്ക്ക് കാണിച്ചു കൊടുക്കുകയാണ് ഇവിടെ.

ഐറിഷ്, വെല്‍ഷ്, ഇംഗ്ലീഷ് എന്നിങ്ങനെ ഈ കഥയ്ക്ക് പല ഉറവിടങ്ങള്‍ പറയാമെങ്കിലും ഇവിടെ ആധാരമായി പറയുന്നത് 'ദി ഡെവിള്‍സ് ബെറ്റ്' (പിശാചിന്റെ പന്തയം) എന്ന കഥയാണ്. പക്ഷേ ഈ കഥയില്‍ വെയില്‍സിലെ ഗ്വെന്റ് നദിയിലുള്ള 'നിക്കി നിക്കി നൈ' എന്നൊരു പിശാച് പ്രധാന കഥാപാത്രമാണ്.

വിധവയായ അമ്മ ഓമനിച്ചു വളര്‍ത്തി നശിപ്പിച്ച വഴക്കാളിയായ നോറയാണ് ഇതിലെ നായിക. അടുത്തൊരു കാട്ടില്‍ താമസിച്ചിരുന്ന ജേമിയാണ് ഇതിലെ നായകന്‍. ജേമിയുടെ വീട്ടിലെ കിണറ്റിലാണ് നിക്കി നിക്കി നൈ താമസിച്ചിരുന്നത്. നായികയെ കണ്ടുമുട്ടുന്ന നായകന്‍ അവളെ 'മര്യാദ പഠിപ്പിക്കല്‍ ' വിവാഹത്തിനു മുമ്പേ തന്നേ തുടങ്ങുന്നു. കുറേശ്ശെ കുറേശ്ശെ ആയി 'തട്ടു' കൊടുത്ത് നോറയെ നന്നാക്കുന്നതിനിടയില്‍ പിശാചും പണി തുടങ്ങി. നോറയെ അവിടെ നിന്നു തുരത്തുമെന്ന് പന്തയം വച്ച പിശാചിനോട്, തന്നെ ഓടിക്കാനാവില്ലെന്ന് നോറയും വെല്ലുവിളിച്ചു. പലതും പയറ്റി നോക്കിയ നോറ ഒടുവില്‍ തന്റെ നല്ല പാതി ഉപദേശിക്കുന്ന കരുണകൊണ്ട് തന്നെ പിശാചിനെ നേരിട്ടു, ഇത് സഹിക്കാനാകാതെ ദേഷ്യം മൂത്ത് അത് ശ്വാസം വലിച്ചു പിടിച്ചു പിടിച്ച് സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാകയും ചെയ്തു. വഴക്കാളിത്തരം എല്ലാം മാറി 'തങ്കക്കമ്പി'യായി മാറിയ നോറ, ജേമീക്കൊപ്പം സസൂഖം ജീവിച്ചു.

2. റോമിയോ ആന്‍ഡ് ജൂലിയറ്റ് (1595)

ഷേക്‌സ്പിയറിന്റെ ആദ്യകാല ദുരന്തനാടകങ്ങളിലൊന്നായ ഇത് എക്കാലത്തേയും കൊണ്ടാടപ്പെട്ട ജനപ്രിയ പ്രണയകഥയാണ്. ഇറ്റലിയിലെ ചെറുനഗരമായ വെറോണയില്‍ പരസ്പരശത്രുതയില്‍ കഴിഞ്ഞിരുന്ന ഇരുകുടുംബങ്ങളില്‍ പെട്ട റോമിയോയും ജൂലിയറ്റും അനുരക്തരാവുന്നതും, പിന്നീട് രഹസ്യമായി വിവാഹിരായ ഇവര്‍ വീട്ടുകാര്‍ മൂലം മരണപ്പെടാന്‍ ഇടയാകുന്നതുമാണല്ലോ ഈ കഥ.

ഈ ദുരന്തനാടകത്തിന്റെ മൂലകഥകളെന്നു വിശേഷിപ്പിക്കാവുന്നവ മൂന്നെണ്ണമുണ്ട്. പക്ഷേ 1474 ല്‍ എഴുതപ്പെട്ട, മസ്സൂച്ചോ സലെറിന്റാനോ യുടെ 'ഇല് നൊവെല്ലീനോ' ആണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടതായി ഗണിച്ചു പോരുന്നത്.  പ്രണയിതാക്കളുടെ കുലനാമം ഉള്ള ആളുകള്‍ ഇപ്പോഴും വെറോണയിലുണ്ടെന്നതിനാലാവാം, ഇത് നടന്ന കഥയാണെന്ന് പലരും കരുതുന്നു. ജൂലിയറ്റിന്റേതെന്നു കരുതപ്പെടുന്ന വീട് കാണാന്‍ പലരും വെറോണയിലെത്തുന്നു. റോമിയോ ജൂലിയറ്റിനെ പ്രണയിച്ചതെന്നു കരുതപ്പെടുന്ന മുകള്‍നിലയിലെ തുറന്ന മുകപ്പ് പോലും ഇപ്പോഴും കാണാം. രണ്ടാം നിലയിലെ മുറിയിലെ നായികയും ഗേറ്റിനു പുറത്ത് നില്‍ക്കുന്ന നായകനും ഉള്ള 'ആമേന്‍' സിനിമയിലെ പ്രണയരംഗങ്ങളാണ് ഇതു വായിച്ചപ്പോഴും പുസ്‌കത്തിലെ മനോഹര കളര്‍ ചിത്രം കണ്ടപ്പോഴും ഓര്‍മ്മ വന്നത്.

'ഹില്‍ ഓഫ് റോസസ് ' -റോസാപ്പൂക്കളുടെ കുന്ന്-എന്നു പേരിട്ടിരിക്കുന്ന പ്രണയകഥയാണ് ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കുന്നിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ കടുത്ത ശത്രുതയിലായിരുന്നു. എപ്പോഴും വിജനവമായിരുന്ന ആ കുന്ന് ഇരു ഗ്രാമക്കാരും ശ്മശാനമായി ഉപയോഗിച്ചിരുന്നു താനും. ചിലര്‍ ധൈര്യശാലിയെന്നും മറ്റു ചിലര്‍ ഭ്രാന്തചിത്തനെന്നും വിശേഷിപ്പിച്ച റോമിയൂസ് ഒരു ഗ്രാമത്തില്‍ കഴിഞ്ഞിരുന്നു. ശത്രുഗ്രാമത്തിലായിരുന്നു ലോകത്തിലേക്കും വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ജൂലിയെറ്റയും അവളുടെ സഹോദരന്‍ റ്റിബോറ്റും താമസിച്ചിരുന്നത്. 'ആഹാ, ഞാന്‍ അവളെ കാണും, എന്തായാലും വേഷപ്രച്ഛന്ന വിരുന്നല്ലേ നടക്കാന്‍ പോകുന്നത്, ' റോമിയൂസ് വീമ്പു പറഞ്ഞു, 'എങ്കില്‍ അതൊന്നു കാണട്ടെ ' എന്ന് ചങ്ങാതി ക്വിക്‌സില്‍വര്‍ അവനെ എരികയറ്റി.

അങ്ങനെ വേഷം മാറിയ റോമിയൂസ് വിരുന്നിനു പോയി, ജൂലിയെറ്റയുടെ കൈ കവര്‍ന്ന് നൃത്തവും വച്ചു, അനുരക്തരുമായി! നൃത്താവസാനത്തിനു മുമ്പ് പിന്‍വാങ്ങിയ റോമിയൂസിനെ ജൂലിയെറ്റ അനുഗമിച്ചു, ശ്മശാനത്തിലൂടെ ചാടിക്കടന്ന് കുന്നുകയറിപ്പോകുന്ന അവന്‍ ശത്രു ഗ്രാമക്കാരനെന്ന് മനസ്സിലാക്കിയിട്ടും  പിന്മാറാതെ അവള്‍ അവനെ വിളിച്ചു, അവന്‍ ഓടി വന്നു, നിറനിലാവ് സാക്ഷിയാക്കി അവര്‍ നീണ്ടുനിന്ന ചുംബനാലിംഗനത്തിലമര്‍ന്നു. പിന്നെ അവര്‍ അവിടെവച്ച് പരസ്പരം കാണാന്‍ തുടങ്ങി. ഒരു ചുവന്ന റോസാപ്പൂവ് ജൂലിയെറ്റയ്ക്കും വെളുത്ത റോസാപ്പൂവ് റോമിയോവിനും കൈമാറിയാണ് കുന്നിന്‍പുറത്ത് എത്തും എന്ന സന്ദേശം ഇരുവരും പരസ്പരം എത്തിച്ചിരുന്നത്. തങ്ങളുടെ വിവാഹം വഴി ഇരു ഗ്രാമക്കാരും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനാവുമെന്നും മോഹിച്ചു.

ഒരു നാള്‍, കനത്ത ഹിമപാതമുള്ളൊരു രാത്രി, ജൂലിയറ്റെയെ വീട്ടില്‍ കൊണ്ടു ചെന്നാക്കാനും അന്നു രാത്രി അവിടെ തങ്ങാനും തന്നെ അനുവദിക്കണമെന്ന് റോമിയൂസ് അപേക്ഷിച്ചു. പക്ഷേ വിവാഹത്തിനു മുമ്പ് ഒന്നിച്ചു കഴിയാനാവില്ല എന്ന ജൂലിയെറ്റയുടെ നിലപാട് അറിഞ്ഞപ്പോള്‍ ഉടനേ തന്നെ വിവാഹം നടത്താം എന്ന് അവര്‍ പള്ളിയിലെത്തി, വിവരങ്ങള്‍ മനസ്സിലാക്കിയപ്പോള്‍, ഈ വിവാഹം ഗ്രാമീണരുടെ സ്പര്‍ദ്ധ ഇല്ലാതാക്കും എന്നു പ്രത്യാശിച്ച വൈദികന്‍ കൂദാശ നടത്തിക്കൊടുത്തു. വിവാഹിതരായി അവര്‍ ജൂലിയെറ്റയുടെ മുറിയില്‍ രാത്രി കഴിച്ചുകൂട്ടി. അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയം. പിറ്റേന്ന് രാവിലെ റോമിയൂസ് ഇരുചെവിയറിയാതെ സ്വന്തം നാട്ടിലേക്കു മടങ്ങി. ഇരുവരും അന്ന് താന്താങ്ങളുടെ വീട്ടില്‍ വിവരം അറിയിക്കാനായിരുന്നു തീരുമാനം. പക്ഷേ സഹോദരിയെ നിരീക്ഷിച്ചിരുന്ന റ്റിബോറ്റ് അവള്‍ക്ക് ശത്രുഗ്രാമത്തില്‍ ഒരു പ്രണേതാവുണ്ട് എന്നു മനസ്സിലാക്കിയിരുന്നു.

റ്റിബോറ്റിന്റെ നേതൃത്വത്തില്‍ തന്റെ ഗ്രാമം ആക്രമിക്കപ്പെടുന്നതു കണ്ടുകൊണ്ടാണ് റോമിയൂസ് തിരികെയെത്തിയത്. തന്റെ ഭാര്യാസഹോദരനായ റ്റിബോറ്റിനെ വധിക്കാന്‍ ശ്രമിച്ച ക്വിക്‌സില്‍വറിനെ റോമിയൂസ് തടഞ്ഞു, പക്ഷേ രക്ഷപ്പെട്ട റ്റിബോറ്റാവട്ടെ ക്വിക്‌സില്‍വറിനെ ആ അവസരമുപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയാണ് ചെയ്തത്. റോമിയൂസ് എല്ലാവരേയും ഒറ്റയ്ക്ക് തുരത്തിയോടിക്ക തന്നെ ചെയ്തു.

തിരികെ വീട്ടിലെത്തിയ റ്റിബോറ്റ്, സഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞു. തങ്ങള്‍ തലേന്നു വിവാഹിതരായെന്നു പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ താന്‍ വിളിച്ചുകൊണ്ടുവരുന്ന ആളിനെ ജൂലിയെറ്റ വിവാഹം ചെയ്തിരിക്കും എന്നു റോമിയൂസ് തറപ്പിച്ചു പറഞ്ഞു. ജൂലിയെറ്റ വീണ്ടും വൈദികന്റെ അടുത്ത് അഭയം തേടി. ഇരുവരും ആലോചിച്ച് ജൂലിയെറ്റ ഒരു പ്രത്യേക കഷായം കുടിച്ചു. അതുകുടിച്ചാല്‍ മൂന്നു ദിവസത്തേക്ക് മരിച്ചതുപോലെ കിടക്കും, പക്ഷേ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ടാവുകയുമില്ല. ജൂലിയെറ്റയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സമയം മുഴുവന്‍ വൈദികന്‍ സമാധാനം സ്ഥാപിക്കുന്നതിനായി റ്റിബോറ്റയോടു കെഞ്ചി. പക്ഷേ, വൃഥാവിലായി ആ കെഞ്ചല്‍.

സംസ്‌ക്കാരം കഴിഞ്ഞയുടന്‍ തന്റെ സഹോദരി ഹൃദയം പൊട്ടി മരിക്കുന്നതിനു കാരണക്കാരനായി റോമിയൂസിനെ കൊല്ലുമെന്നായിരുന്നു റ്റിബോറ്റിന്റെ തീരുമാനം. നിവൃത്തിയില്ലാതെ പള്ളി അങ്കണത്തില്‍ നിന്ന് ഒരു വെളുത്ത റോസാപ്പൂവ് പറിച്ച് അതില്‍ ജൂലിയെറ്റ മരിച്ചിട്ടില്ലെന്നും അവളെ അവളുടെ ശവകുടീരത്തില്‍ സന്ദര്‍ശിക്കണമെന്നും എഴുതിയ ഒരു കുറിമാനം വച്ച് റോമിയൂസിന് സന്ദേശം എത്തിച്ചു. ആ രാത്രി റോമിയൂസ് ശവകുടീരത്തിലെത്തി, പക്ഷേ അവിടെ റ്റിബോറ്റ് കാവല്‍ നിന്നിരുന്നു. റ്റിബോറ്റിന്റെ വെട്ടേറ്റ് റോമിയൂസ് മരണപ്പെട്ടു. ഉണര്‍ന്നെഴുന്നേറ്റ ജൂലിയെറ്റ പ്രേതമാണോ ആത്മാവാണോ എന്നറിയാത്ത റ്റിബോറ്റ് ഭയന്ന് ക്ഷമ ചോദിച്ചു. ഇരു ഗ്രാമക്കാരുടേയും ഇടയില്‍ സമാധാനം വരുത്തണം എന്ന ആവശ്യം അയാള്‍ അംഗീകരിച്ചു, ജൂലിയെറ്റയുടെ ശവകുടീരത്തില്‍ റോമിയൂസിനെ സംസ്‌ക്കരിച്ചു. എല്ലാവരുടേയും യാചന നിരസിച്ച് ജൂലിയെറ്റ ശവകുടീരത്തില്‍ തന്നെ താമസമാക്കി. അവള്‍ അവിടം ഒരു പുണ്യസ്ഥലമാക്കി അവിടെ സന്യാസിനിയെപ്പോലെ കഴിഞ്ഞു. ഏറെ നാള്‍ കഴിയും മുമ്പ് ജൂലിയെറ്റയും മരിച്ചു, അവളെ അതേ ശവകുടീരത്തില്‍ തന്നെ അടക്കുകയും ചെയ്തു.

കഥ പറഞ്ഞു കേട്ട് ധാരാളം പേര്‍, പ്രത്യേകിച്ചും പ്രണയം കൊണ്ടു മുറിവേറ്റവര്‍, അവിടം സന്ദര്‍ശിക്കാനെത്തി. പോകെപ്പോകെ അത് ഒരു പ്രണയസ്മാരകമായി മാറി. ഗ്രാമീണര്‍ കുന്നു മുഴുവന്‍ റോസാച്ചെടികള്‍ നട്ടുപിടിപ്പിച്ചു. ഒരു വശം മുഴുവനും ചുവപ്പ്, മറുവശം മുഴുവനും വെള്ള. വൈരാഗ്യത്തിന്റെ വില ഓര്‍മ്മിപ്പിച്ച് ഇന്നും അവിടെ റോസാപ്പൂക്കള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു.

തുടരും....Sunday, September 14, 2014

നെഹ്രുമാരും ഗാന്ധിമാരും-ഒരു ഇന്‍ഡ്യന്‍ രാജപരമ്പര


താരിഖ് അലിയുടെ പുസ്തകം-The Nehrus and the Gandhis, an Indian Dyansty-ശരിക്കും ഒരു വായനാനുഭവം തന്നെ ആയിരുന്നു. 95 വര്‍ഷത്തെ (1889-1984) കുടുംബചരിത്രം ഇന്‍ഡ്യാചരിത്രവും കൂടി ആയിത്തീര്‍ന്ന കഥ. ഒരു ചരിത്രപുസ്തകത്തിലും കാണാനിടയില്ലാത്ത, വളരെ രസകരവും ദുഃഖകരവുമായ വിവിധ സംഭവങ്ങള്‍. ആഖ്യാനം സത്യസന്ധവും പക്ഷം പിടിക്കാത്തതുമാണെന്നാണ് എന്റെ വിലയിരുത്തല്‍.

എത്ര പേരുടെ എത്ര നാളത്തെ യാതനയാണ് , ജീവിതവും സൗഭാഗ്യവും ഹോമിക്കലാണ് നമുക്കു നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില എന്നത് ഒരിക്കല്‍ കൂടി ഓര്‍ക്കലായിരുന്നു ഈ വായന. കമലാ നെഹ്രു, , ഫിറോസ് ഗാന്ധി, വി.കെ.കൃഷ്ണമേനോന്‍ തുടങ്ങിയവരുടെ തിളക്കമാര്‍ന്ന വ്യക്തിത്വത്തെപ്പറ്റി കൂടുതല്‍ അറിയാനും അവരോട് ആരാധന തന്നെ തോന്നാനും ഇടയാക്കി ഈ പുസ്തകം.

ഗാന്ധിജിയെപ്പറ്റി 'കുറുക്കന്‍' തുടങ്ങിയ പ്രയോഗങ്ങള്‍ ആദ്യം ലേശം വൈക്ലബ്യമുണ്ടാക്കിയെന്നു പറയാതെ വയ്യ. പക്ഷേ തുടര്‍വായനയില്‍ അത്തരം പ്രയോഗങ്ങള്‍ ഗാന്ധിജിയിലെ കൂര്‍മ്മബദ്ധിയായ ദൃഢനിശ്ചയക്കാരനെ വെളിവാക്കുന്നതാണ് എന്ന് മനസ്സിലായി. ഒരു നേതാവ് വിവേകപൂര്‍വ്വം ചിന്തിച്ച് തീരുമാനമെടുക്കുകയും മറ്റുള്ളവര്‍ ആ നേതാവിനെ അനുസരിക്കുകയുമാണ് വേണ്ടത് എന്ന ഗാന്ധിജിയുടെ പ്രസ്താവത്തിന്റെ (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നത്-ഈ പുസ്തകത്തിലുള്ളതല്ല) അര്‍ത്ഥവും വ്യാപ്തിയും ഒന്നുകൂടി മനസ്സിലാക്കുകയും ചെയ്തു.

ഒന്നു വ്യക്തമാക്കട്ടെ, ഒരു കോണ്‍ഗ്രസ അനുഭാവിയോ പരമ്പരഭരണത്തിന് അനുകൂലിക്കുന്ന ആളോ അല്ല ഞാന്‍. പക്ഷേ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ജയിലിലും സമരത്തീച്ചൂളയിലും ഹോമിക്കേണ്ടി വന്ന, വര്‍ഗ്ഗീയതയെ എതിര്‍ത്ത, കാല്‍പ്പനികതിയില്‍ അഭിരമിച്ച നെഹ്രുവിനെ, വായനക്കാരനും എഴുത്തുകാരനും ചരിത്രകുതുകിയും ആയ നെഹ്രുവിനെ എനിക്കിഷ്ടമാണ്. എത്ര കവിതാത്മകമാണ് ആ എഴുത്തുകള്‍! ജയിലില്‍ വച്ച് എഴുതിയ പലതിന്റേയും ഭാഗങ്ങള്‍ പുസ്തകത്തിലുണ്ട്. ഇനി ആ autobiography യും, discovery of India യും വായിക്കണം. ചരിത്രം പഠിക്കാന്‍ നെഹ്രുവിന്റെ പുസ്തകങ്ങള്‍ വായിച്ചുവെന്ന് വയലാര്‍ എഴുതിയിരുന്നത് ഓര്‍മ്മ വരുന്നു.

Fine ഇടുമ്പോള്‍ അതു കൊടുക്കില്ലെന്നു വാശിപിടിച്ചിരുന്ന കുടുംബത്തില്‍ വന്ന് സാധനങ്ങള്‍ പെറുക്കിക്കൊണ്ടുപോകുന്നത,് ബ്രിട്ടീഷ് പോലീസുകാര്‍ പതിവാക്കിയ സാഹചര്യത്തില്‍ അതിലൊരാളുടെ വിരല്‍ മുറിച്ച, Joan Of Arc നെ റോള്‍ മോഡല്‍ ആക്കിയ, കുട്ടി ഇന്ദിരയെ, എനിക്കിഷ്ടമാണ്. സാമൂഹ്യസാഹചര്യങ്ങള്‍ എല്ലാം വളരെ വ്യത്യസ്തമെന്ന് അച്ഛനടക്കം എല്ലാവരും പറഞ്ഞപ്പോള്‍, 'രാഷ്ട്രീയം ഒന്നായതുകൊണ്ട് മറ്റൊന്നും പ്രശ്‌നമില്ല' എന്നു സധൈര്യം പറഞ്ഞ ഇന്ദിരയോട് ബഹുമാനമുണ്ട്. യുപിയിലെ മഞ്ഞുപെയ്തു തണുത്തുറഞ്ഞു കിടക്കുന്ന ഒരു കുഞ്ഞിവെളുപ്പാന്‍കാലത്ത്, ഇലക്ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ ആരുമില്ലാത്തതുകൊണ്ട് തിരികെ പോകാം എന്നു സീനിയര്‍ നേതാക്കളോട് വിയോജിച്ച്, മൈക്ക് എടുത്തു പ്രസംഗം ആരംഭിച്ച്, അവിടെ വന്‍ ജനക്കൂട്ടത്തെ ഒഴുകിയെത്തിച്ച ഇന്ദിരയുടെ നിശ്ചയദാര്‍ഢ്യം എനിക്ക് ആരാധനയുണ്ടാക്കുന്നു. അന്ന്, പതിയെ ജനാലകള്‍ തുറന്നു നോക്കിയതും, ചിലര്‍  പല്ലുതേക്കുന്ന കമ്പുമായും(Dattan Stick), മറ്റു ചിലര്‍ കയ്യില്‍ ചായക്കപ്പുമായും മറ്റും കമ്പിളി പുതച്ച് വന്നതിനെ കുറിച്ച് അവര്‍ തന്നെ പറയുന്നുണ്ട്. അതായിരുന്നു ഇന്‍ഡ്യയിലെ അവരുടെ ആദ്യ പൊതു സമ്മേളനം.

പക്ഷേ കേരളത്തിലെ തെരഞ്ഞെടുത്ത മന്ത്രിസഭയെ പിരിച്ചുവിട്ട, ഇലക്ഷന്‍ ജയിക്കാനായി കേരളത്തില്‍ വര്‍ഗ്ഗീയ കാര്‍ഡു കളിച്ച ഇന്ദിരയുടേത് പ്രായോഗിക രാഷ്ട്രീയമെന്നും മറ്റും പറയുമെങ്കിലും അതിനോട് ഒരിക്കലും യോജിക്കാനാവില്ല, കഠിനമായി എതിര്‍പ്പുമുണ്ട്. പിന്നെ മകനെ രാജകുമാരനാക്കി കാണാന്‍ ആഗ്രഹിച്ചിടത്ത് അവരുടെ രാഷ്ട്രീയ പതനം തുടങ്ങുകയായിരുന്നു.'സഞ്ജയിനെ എതിര്‍ക്കുന്നവര്‍ എന്നെയാണ് എതിര്‍ക്കുന്നത് ' എന്നു വരെ പറഞ്ഞുകളഞ്ഞു അവര്‍. പക്ഷേ അധികാരക്കസേര ഒഴിഞ്ഞപ്പോള്‍ പോകാന്‍ വീടില്ലാതെന്നു പകച്ച (ആനന്ദഭവന്‍ രാജ്യത്തിനു നല്‍കിയിരുന്നു) ഇന്ദിരയോട് എനിക്കു അനുതാപമാണ്. കൃത്യമായി വെല്ലിംഗ്ടണ്‍ ക്രസന്റിലെ സ്വന്തം വീട് അവര്‍ക്കായി ഒഴിഞ്ഞുകൊടുത്ത മുഹമ്മദ് യൂനൂസ്, വിശ്വസ്തത, കറകളഞ്ഞ സൗഹൃദം തുടങ്ങിയ മനോഹരവാക്കുകളുടെ തണുപ്പും സ്‌നിഗ്ദ്ധതയും മനസ്സില്‍ നിറച്ചു.

കേംബ്രിഡ്ജില്‍ പഠിക്കുമ്പോള്‍ പേരിന്റെ വാലിലെ ഗാന്ധി കണ്ട്, ഗാന്ധിജിയുടെ ആരാണെന്നു ചോദിച്ചവരോട്, പേരില്‍ മാത്രമേ സാമ്യമുള്ളു, താന്‍ അദ്ദേഹത്തിന്റെ ആരുമല്ല എന്നു വിനയാന്വിതനായ രാജീവിനെ ഇഷ്ടമാണ്. ഒരിക്കലും തന്റെ പാരമ്പര്യമഹിമ പ്രദര്‍ശിപ്പിച്ച് ആളാകാന്‍ ഇഷ്ടപ്പെടാതിരുന്ന, പൈലറ്റായി ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ജന്റില്‍ മാന്‍ ആയ രാജീവിനോട് ബഹുമാനമുണ്ട്. രാജീവിന്റെ കൂട്ടുകാര്‍ എല്ലാവരും ഓര്‍മ്മിക്കുന്നതും അങ്ങനെ തന്നെ. ഒട്ടും ഇഷ്ടമില്ലാതിരുന്നിട്ടും രാഷ്ട്രീയത്തിലേക്കു വരേണ്ടിവന്നത് അമ്മയുടെ പരമ്പരമോഹം കൊണ്ടു മാത്രം.

രാജീവ് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വരുന്നതിലും താന്‍ ഇഷ്ടപ്പെടുന്നത് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങുന്നതാണ് എന്നു സുഹൃത്തുക്കളോടു പറഞ്ഞ സോണിയയ്ക്കും ഇറങ്ങേണ്ടി വന്നു, നെഹ്രു കുടുംബമില്ലാതെ കോണ്‍ഗ്രസ്സില്ല എന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്കുവേണ്ടി, ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക്! വെറും സാധാരണക്കാരായിരുന്ന സ്വന്തം കുടുംബാംഗങ്ങളെ ഇറ്റലിയിലെ വന്‍ പണക്കാരായി മാറിയതിനെ പറ്റി പണ്ടെന്നോ വായിച്ചത് അവരെ പറ്റിയുള്ള സകല ബഹുമാനവും ഇല്ലാതാക്കിയെന്നും പറയാതെ വയ്യ. അതും കൂടാതെ മരുമകന്റെ തീവെട്ടിക്കൊള്ളയെപ്പറ്റിയുള്ള വാര്‍ത്തകളും.

ഇനിയിപ്പോള്‍ പ്രിയങ്ക വരുമായിരിക്കും, വന്നേ പറ്റൂ, അടുത്ത ഇലക്ഷനു കാണാം. അവരെയൊന്നും പറഞ്ഞിട്ടു കാര്യമില്ല, അവരില്ലെങ്കില്‍ കോണ്‍ഗ്രസ്സില്ല, ഇന്‍ഡ്യയില്ല എന്നു പറയുന്നവരുടെ അടിമ മനോഭാവം എന്നു മാറുന്നുവോ അന്നേ ഈ വംശപരമ്പര ഭരണത്തിന് അറുതിയുണ്ടാവൂ.

പുസ്തകത്തിലെ അവസാന വരികള്‍ ഇങ്ങനെ-(മൊഴിമാറ്റം ലേഖിക വക)

"ഇന്‍ഡ്യയിലെ ജനങ്ങളാണ് രാജപരമ്പരകളെ സൃഷ്ടിക്കുന്നതും ഉടയ്ക്കുന്നതും. അവരിലെ ഒരു വലിയ വിഭാഗം നിരക്ഷരകുക്ഷികളായിരിക്കും, പക്ഷേ, അവര്‍ വിവരമില്ലാത്തവരല്ല. അവരുടേതാണ് അവസാന വാക്ക്. കാരണം മറ്റെല്ലാറ്റിനും അപ്പുറം അവരാണ ആധുനിക ഇന്‍ഡ്യ. കാരണം അവരാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ദുര്‍ഗന്ധം വമിപ്പിക്കുന്ന കൃത്രിമ വാചാടോപം സഹിക്കുന്നത്.ഒരുനാള്‍ അവര്‍ അവരുടെ പ്രതികാരം ആഗ്രഹിക്കുക തന്നെ ചെയ്യും."

പക്ഷേ എങ്ങിനെ? ഇപ്പോള്‍ ഉള്ള പലരേയും ജനങ്ങള്‍ക്ക് ലവലേശം ഇഷ്ടമല്ല. പക്ഷേ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന്, അഴിമാതിക്കാരെന്ന് അറിഞ്ഞുകൊണ്ടു തന്നെ ജനം തെരഞ്ഞെടുത്തു വിടുകയാണ്. അതു മാറണമെങ്കില്‍ കഴിവും സേവനമനസ്ഥിതിയുമുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ എത്തണം, തെരഞ്ഞെടുപ്പില്‍ പൊരുതി നേടണം, നേടിക്കഴിയുമ്പോള്‍ അധികാരമത്തും സ്വജനസ്‌നേഹവും കൊണ്ട് അന്ധത ബാധിക്കാതെ ഇരിക്കണം; വരുമായിരിക്കും ആ നല്ല കാലം അല്ലേ, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന, നാടിനു വേണ്ടി പ്രവര്‍ത്തിക്കും എന്ന് ഉറച്ച ബോദ്ധ്യമുള്ള ഒരാള്‍ക്കു വോട്ടു നല്‍കി എന്നു തൃപ്ത്യടയാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണദിനം!

പുസ്തകം ആധാരമാക്കിയുള്ള എന്റെ കുത്തിക്കുറിപ്പുകള്‍, താല്‍പര്യമുള്ളവര്‍ക്ക്, ഇവിടെ വായിക്കാം  

Thursday, December 5, 2013

സി.അച്യുതമേനോന്റെ സാഹിത്യജീവിതം

       

1990 ല്‍ പ്രഭാത് ബുക്ക്‌സ് പ്രസിദ്ധീകരിച്ച ശ്രീ.സി.അച്യതമേനോന്റെ 'എന്റെ സാഹിത്യജീവിതം' എന്ന പുസ്തകത്തെ കുറിച്ച് എഴുതാന്‍ ലേശം ഭയാശങ്കകളുണ്ട്.ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആ വലിയ മനുഷ്യന്റെ മുഴുരൂപം മനസ്സില്‍ തെളിയുമ്പോള്‍ ഈ അതികായനെ വിലയിരുത്താന്‍ ഞാനാര് എന്നൊരു ഭയം. എന്നാല്‍ അദ്ദേഹത്തെയല്ല, അദ്ദേഹത്തിന്റെ പുസ്തകപറ്റി ആണല്ലോ ഞാന്‍ എഴുതുന്നത് എന്ന സമാധാനത്തില്‍ ഇതിനു തുനിയുകയാണ്.

സി.അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രിയെ എല്ലാവരും അറിയും. എന്നാല്‍ അദ്ദേഹം ചെറുകഥകളും നാടകങ്ങളും എഴുതിയിരുന്നുവെന്ന് എത്ര പേര്‍ക്കറിയും? ഈ പുസ്തകം വായിക്കും വരെ എനിക്കറിയില്ലായിരുന്നു.

രണ്ടു ചെറുകഥകളും ഒരു നാടകവുമാണ് പുസ്‌കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 1937-40 വരെയുള്ള കാലങ്ങളില്‍ മാതൃഭൂമി, മംഗളോദയം വാരികകളില്‍ ഇവയും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാത്തതും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാസ്തവത്തില്‍ ആ കൃതികളേക്കാളും എനിക്ക് വളരെ ഇഷ്ടപ്പെട്ടത് 18 പേജുള്ള ആമുഖമാണ്. സത്യസന്ധമായി, ലളിതമായ ഭാഷയില്‍ ഓരോ രചനയുടേയും പശ്ചാത്തലം അദ്ദേഹം വിവരിക്കുന്നുണ്ട്. കഥ ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നു കുഴങ്ങിയ സ്ഥിതി, അപൂര്‍ണ്ണമാണ് പേജുകള്‍ മുഴുവനില്ല എന്നു കരുതി പത്രാധിപര്‍ തിരിച്ചയച്ചത്, അങ്ങനെയങ്ങനെ .പിന്നെ ആ കാലഘട്ടം കൂടി മനസ്സിലാകും അതു വായിക്കുമ്പോള്‍.

ടാഗോറിന്റെ കഥയുടെ പ്രേരണയില്‍ എഴുതിയ ബാലപ്രണയം എന്ന കഥയും വിശപ്പിന്റെ വിളി എന്ന നാടകവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. വിശപ്പിന്റെ വിളി കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇരിഞ്ഞാലക്കുട അയ്യങ്കാവു മൈതാനിയില്‍ അവതരിച്ചപ്പോള്‍ 5000 ത്തിലധികം പേര്‍ അവ കണ്ടിരുന്നുവത്രേ! പഠിപ്പും അറിവും സമൂഹത്തിനു വേണ്ടി വിനിയോഗിച്ച ആളുകളുടെ കാലഘട്ടമായിരുന്നുവല്ലോ അത്!

ഇനി കൃതികളിലേക്ക്. ഭാഷയും അവതരണവുമെല്ലാം പഴയ കുന്ദലത, ഇന്ദുലേഖ രീതി തോന്നിപ്പിക്കുന്നു. പിന്നെ അടുക്കളക്കാരിയുടെ അഭിമാനം എന്ന കഥയുടെ തീം പൊറ്റക്കാടിന്റെ നാടന്‍പ്രേമം മൂടുപടം തുടങ്ങിയവ ഓര്‍മ്മിപ്പിച്ചു. ജൂനിയര്‍ വക്കീലിന്റെ തീം മറ്റൊരിടത്തും വായിച്ചതായി തോന്നിയില്ല. സേവനത്തിന്റെ പേരില്‍ എന്ന നാടകം സോദ്ദേശപരമാണ്, അത് ഗ്രന്ഥകാരന്‍ തന്നെ ആമുഖത്തില്‍ പറയുന്നുമുണ്ട്.അതു വായിച്ചപ്പോള്‍ പണ്ഡിറ്റ്ജി പറഞ്ഞിട്ടാണല്ലോ രാജസ്ഥാന്‍ കനാല്‍ തീമാക്കി കെ.എ.അബ്ബാസ് 'ദോ ബൂന്ദ് പാനി 'എഴുതിയതെന്ന് വെറുതെ ഓര്‍മ്മിച്ചു.

വായിച്ചപ്പോള്‍ തോന്നിയ മറ്റു ചില കാര്യങ്ങള്‍ കൂടി കുറിക്കട്ടെ.

ജയിലില്‍ ആയ കാലത്ത് എല്ലാവരും കൂടി-12 പേര്‍- നിരാഹാരമിരുന്ന് മാതൃഭൂമി ഒരു കോപ്പി എത്തിച്ച കാര്യം വായിച്ചപ്പോള്‍ ഇപ്പോഴത്തെ കാലം ഓര്‍ത്തു പോയി. അന്ന് ഒരു വാരികകയ്ക്കു വേണ്ടി നിരാഹാരം നടത്തേണ്ടി വന്നു, ഇന്നാണെങ്കില്‍ എല്ലാം ഓണ്‍ലൈന്‍ വായിക്കാമായിരുന്നു ജയിലില്‍ ഇരുന്ന്!

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരാകണം, വായിക്കുന്നവരാകണം ഭരണാധികാരികള്‍. പണ്ഡിറ്റിജി എത്ര വലിയ ചരിത്രകാരനും പണ്ഡിതനും ആയിരുന്നു!.

Wednesday, December 4, 2013

സഞ്ചാരിയുടെ ഗീതങ്ങള്‍

                 

കവിയുടെ സഞ്ചാരം കഴിഞ്ഞ് ഇനി സഞ്ചാരിയുടെ കവിതകളാകട്ടെ.1946 നവംബറിലെ ഒന്നാം പതിപ്പാണ് എന്റെ കയ്യിലുള്ളത്! കടലാസിന് നിറം മങ്ങിയതൊഴിച്ചാല്‍ ഒരു കേടുമില്ല!

പേരു സൂചിപ്പിക്കും പോലെ ഇതും ഒരു യാത്രാവിവരണം തന്നെ.ആര്‍ഷഭൂവിലൂടെയുള്ള മനം കുളിര്‍പ്പിച്ച ഒരു യാത്ര!

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പ്രൗഢ ആമുഖം-അത് വെറുതെ അങ്ങു വായിച്ചു പോകാനൊക്കില്ല, മനസ്സിരുത്തി തന്നെ വായിക്കണം മനസ്സിലാകണമെങ്കില്‍-കഴിഞ്ഞ് കവി പുസ്തകത്തെ കുറിച്ച് എഴുതിയിരിക്കുന്നതും കവിതയിലൂടെയാണ്. കാഴ്ച്ചകള്‍
'എന്നിലേല്‍പ്പിച്ച നവ്യാനുഭൂതി തന്‍
 സ്പന്ദനങ്ങളീ ഗീതങ്ങളൊക്കെയും '

എന്നു വ്യക്തമാക്കുന്നുണ്ട്.

'ചേനാര്‍ മരങ്ങളാല്‍ ചേണാര്‍ന്നു നില്‍ക്കുന്ന
ശ്രീനഗരത്തിന്‍ കവാടം കടന്നു ഞാന്‍.... ' സ്വപ്‌നലോകം എന്ന ആദ്യകവിത ഹിമവല്‍ മാഹാത്മ്യം തുടിക്കുന്ന കാശ്മീരം തന്നെ. ചേനാറുമായി ഒത്തു പോകുന്ന ചേണാര്‍ന്ന് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. നല്ല കവിത ജനിക്കണമെങ്കില്‍ ഭാവന മാത്രം പോരാ, ഭാഷാജ്ഞാനവും കൂടി വേണം! അതു വേണ്ടുവോളമുണ്ടായിരുന്നു നമ്മുടെ പൂര്‍വ്വസൂരികള്‍ക്ക്.( ഈ പദപ്രയോഗം ശരിയോ എന്തോ?).

പുരിയിലെ സൂര്യോദയവും ് ടാജ്മഹലും കഴിഞ്ഞ് എന്റെ ജീവിതം എന്ന കവിതയില്‍ നിന്ന്-.
'മരണഗന്ധം കലര്‍ന്നതാണെങ്കിലു-
മൊരു നിയമവുമേശാത്തതെങ്കിലും
ഒരു നിരര്‍ത്ഥക സ്വപ്‌നമാണെങ്കിലും
മധുരമാണെനിക്കെന്നുമീ ജീവിതം '

എല്ലാ കവിതകളും നന്ന്, പക്ഷേ മേല്‍പ്പറഞ്ഞ വരികളാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. മഹാകവിയും ഈ വരികള്‍ എടുത്തു പറഞ്ഞിരിക്കുന്നു.

കാശ്മീരത്തില്‍ തുടങ്ങി കേരളം എത്തി പിന്നെ കന്യാകുമാരിയിലാണ് ഈ കാവ്യയാത്ര അവസാനിക്കുന്നത്. കേരളത്തിലെ വീട്ടുമുറ്റങ്ങളിലെ മുത്തങ്ങാപ്പുല്ലിനെ പറ്റി പോലും 1939 ല്‍ ബോംബെയില്‍ വച്ചെഴുതിയ കവിതയില്‍ കവി ഗൃഹാതുരനാകുന്നുണ്ട്.ബോംബേ  മുംബയ് ആയി, കേരളത്തിലെ മുറ്റങ്ങളില്‍ മുത്തങ്ങാപ്പുല്ല് കാര്‍പ്പറ്റ് ഗ്രാസിനു വഴിമാറി!!

ചങ്ങമ്പുഴക്കവിതകളോട് സാദൃശം തോന്നി പല സന്ദര്‍ഭങ്ങളിലും. എന്നു വച്ചാല്‍ അതു ചൊല്ലുന്ന അതേ ഈണത്തില്‍ എനിക്ക് ഇതില്‍ മിയ്ക്കവയും ചൊല്ലാന്‍ കഴിയുന്നു എന്നു സാരം. ഒരേ വൃത്തമോ മറ്റോ ആയിരിക്കും അല്ലേ?
 
24 പേജുള്ള ഈ കുട്ടിപ്പുസ്തകം ഇപ്പോള്‍ ലഭ്യമാണോ എന്നറിയില്ല. നെറ്റിലെ ഒരു തിരയലില്‍ കിട്ടിയില്ല. കിട്ടുമെങ്കില്‍ വാങ്ങിക്കാം വായിക്കാം ആസ്വദിക്കാം!