പാതോളജിസ്റ്റും ഇലക്ട്രിക്കല്‍ എഞ്ചിനീയറും അല്ലാത്ത ആര്‍തര്‍ ഹെയ്‌ലിയുടെ Final Diagnosis ഉം Overload ഉം എനിക്ക് നിത്യവിസ്മയമാണ്. സിദ്ധിക്കും സാധനയക്കും ഒപ്പം ധിഷണയും കൂടി ഉണ്ടെങ്കിലേ ഇങ്ങനെ എഴുതാനാകൂ. എന്നാല്‍ താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ 'ആരോഗ്യനികേതനം 'എന്നെ ഓര്‍മ്മിപ്പിച്ചത് 'ഒരു ഇന്‍ഡ്യാക്കാരന് കഥയെഴുതുവാന്‍ ഒരു പ്രയാസവുമില്ല, സ്വന്തം ജനാലയിലൂടെ വെളിയിലേക്കു ഒന്നു നോക്കുക മാത്രമേ വേണ്ടൂ' എന്ന ആര്‍.കെ നാരായണ്‍ ന്റെ വാക്കുകളാണ്. കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ ഗ്രാമാനുഭവങ്ങള്‍ ഭാവനയും സരസ്വതീവിലാസവും ചേര്‍ത്ത് മെഴുക്കിമിനുക്കിയെടുത്തപ്പോള്‍ രോഗലോകം എന്ന വിശേഷാല്‍ വിഷയം അങ്ങേയറ്റം യഥാതഥമായ ഒരു മഹാ സാഹിത്യകൃതിയായി പരിണമിച്ചു.
കോളേജ്കാലത്തെന്നോ ആദ്യം വായിച്ചനാള്‍ മുതല്‍ ഞാന്‍ ജഗത്ബന്ധു-ജീവന്‍ മശായ്മാരുടെ ഫാന്‍ ആയതാണ്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇപ്പോഴത്തെ പുനര്‍വായനയും ആസ്വാദ്യത വര്‍ദ്ധിപ്പിച്ചതല്ലാതെ തെല്ലും മാറ്റു കുറച്ചില്ല. മാത്രമല്ല ഇപ്പോള്‍ അത് എന്റെ തലയക്കു പിടിച്ചിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. എനിക്കിപ്പോള്‍ അത് രോഗങ്ങളെക്കുറിച്ച്, മൃത്യവിനെക്കുറിച്ച്, സര്‍വ്വോപരി ജീവിതത്തെകുറിച്ച് ഉള്ള ഒരു റഫറന്‍സ് ഗ്രന്ഥം പോലെ!
താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച നോവലാണ് 'ആരോഗ്യനികേതനം'. 1953 ല്‍ ബംഗാളിഭാഷയില്‍ പ്രസിദ്ധീകൃതമായ നോവല്‍ 1961 ല്‍ മലയാളത്തിലേക്കു മൊഴിമാറ്റിയത് നിലീനാ എബ്രഹാം. മൊഴിമാറ്റം എന്ന തോന്നല്‍ പോലും ഉളവാക്കാതെ അതിസുഗമമായ വായനാനുഭവം സമ്മാനിച്ച വിവര്‍ത്തകയുടെ വൈഭവത്തിനു മുന്നില്‍ ഒരു കുഞ്ഞുവിവര്‍ത്തകകൂടി ആയ ഞാന്‍ ആദരപൂര്‍വ്വം തല കുനിക്കുന്നു.
'ഭൂതകാലകഥകള്‍ക്ക് ഒരു ലഹരിയുണ്ട്. അതിമനോഹരമായ വര്‍ണ്ണവിന്യാസമുണ്ട്. നോക്കിപ്പോയാല്‍ കണ്ണു പിന്‍വലിക്കാന്‍ തോന്നുകയില്ല. വിശേഷിച്ച് ഇന്നും ഓര്‍മ്മയില്‍ വരുന്ന കാലങ്ങള്‍ ആ രകതസന്ധ്യപോലെ നിറപ്പകിട്ടുള്ളവയാണ്.' അതെ, വയോവൃദ്ധനായ നാഡീവിദഗ്ദ്ധന്‍ ജീവന്‍മശായ്‌യുടെ ഓര്‍മ്മകളിലൂടെയാണ് കഥ ചുരുള്‍ നിവരുന്നത്.
കഥയുടെ കാതല്‍ അലോപ്പതി ആയുര്‍വേദചികിത്സാ പദ്ധതികള്‍ തമ്മിലുള്ള അന്തരമാണെന്നു പറയാം. പക്ഷേ നീയോ ഞാനോ വലുത് എന്ന മത്സരം നീങ്ങി അവ തമ്മിലുള്ള സമവായത്തിലേയക്ക് നീങ്ങുകയാണ് നോവലിന്റെ അവസാനത്തോടെ. 'പുതിയ ചികിത്സാജ്ഞാനത്തിലുള്ള ഗര്‍വ്വുകൊണ്ട് ' 'പെന്‍സിലിന്റേയും സ്‌ട്രെപ്ര്‌ടോമൈസിന്റേയും എക്‌സ്-റേയുടേയും കാലത്തില്‍ ഇങ്ങനെ മരണകാലം പറയരുത്. അതൊന്നും ശരിയല്ല. വാതം,പിത്തം കഫം- ഇതില്‍ നിന്നൊക്കെ ഞങ്ങള്‍ വളരെദൂരം പോന്നുകഴിഞ്ഞു. അല്ലെങ്കിലും ഇതൊക്കെ മനുഷ്യത്വമില്ലായ്മായണ്,' എന്ന് ജീവന്‍ മശായ്‌യെ അധിക്ഷേപിക്കുന്ന പ്രദ്യോത് ഡോക്ടര്‍ പക്ഷേ അവസാനം ഭാര്യയുടെ പിടി കിട്ടാത്ത അസുഖം നിര്‍ണ്ണയിക്കാന്‍ ജീവന്‍ മശായ്‌യുടെ സേവനം തേടുകയാണ്. അവരുടെ കൂട്ടായ ശ്രമം ഫലം കണ്ടെത്തി. ജീവന്‍ മശായ്‌യുടേയും ഭാര്യയുടേയും അന്ത്യത്തിന് പ്രദ്യോത് സാക്ഷിയാകയും ചെയ്യുന്നു.
ശാകുന്തളത്തിലെ മുല്ലവള്ളി എന്ന പോലയാണ് ഈ നോവലില്‍ മൃത്യു. നോവലിലുടനീളം മൃത്യുസ്പര്‍ശനം, മൃത്യുഗന്ധം നിറഞ്ഞുനില്‍ക്കുന്നു. 'മരണത്തിന്റെ മേല്‍വിലാസം ഇന്നും ആര്‍ക്കുമറിഞ്ഞുകൂടാ. അതിന്റെ ഉത്ഭവവും ലക്ഷ്യവും അറിഞ്ഞുകൂടാ. മനുഷ്യന്‍ മരിക്കുന്നു.....ജനിക്കുമ്പോള്‍ത്തന്നെ മൃത്യുവും ഒപ്പം കൂടുകയാണ്....സൂര്യോദയത്തോടെ ഇന്നത്തെ ഞാന്‍ ജനിക്കുന്നു. ദിനാന്ത്യത്തില്‍ രാത്രിയിലെ അന്ധകാരത്തില്‍ നിദ്ര ചെയ്യുന്നതോടെ മരിക്കുന്നു, അടുത്ത പ്രഭാതത്തില്‍ വീണ്ടും മറ്റൊരു ഞാന്‍ ജനിക്കുന്നു എന്നു പറയാം.' 'Each night, when I go to sleep, I die. And the next morning, when I wake up, I am reborn.' എന്ന ഗാന്ധി വാക്യം ഓര്‍ക്കുക.
നമ്മള്‍ യമധര്‍മ്മവാഹനമായി കരുതുന്ന മഹിഷം ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായുടെ 'ആരണ്യക് ' ല്‍ 'ടാണ്ഡബാരോ ' എന്ന ആജാനുബാഹുവായ മഹിഷദേവതയാണ്. ഇവിടെയാകട്ടെ മൃത്യുദേവത 'പിംഗളകേശിനിയും പിംഗളനേത്രിണിയും പിംഗളവര്‍ണ്ണയും ആയ, കഴുത്തിലും കൈയിലും താമരയരിമാലകള്‍ അണിഞ്ഞ, കാഷായവസ്ത്രധാരിണിയായ 'സ്ത്രീയത്രേ. പലപ്പോള്‍ പല ഭാവമാണവള്‍ക്ക്.
'അന്ധയും ബധിരയുമായ, തന്നെ നിയന്ത്രിക്കുന്ന കാലം എന്ന നിയമത്തിനനുസൃതമായി, രോഗങ്ങള്‍ അമ്മയായി കൈപിടിച്ചു കൊണ്ടുപോകുന്ന കുട്ടിയെപ്പോലെ ആയ,' മൃത്യുദേവതയുടെ നിയോഗമോര്‍ത്ത് സഹതാപം തോന്നും ചിലപ്പോള്‍. 'മനുഷ്യജന്മങ്ങള്‍ക്ക് വേദനയില്‍ നിന്നു മുക്തിയും ഉള്‍ത്താപത്തില്‍നിന്നു ശാന്തിയും പുരാതനജന്മാന്തരത്തില്‍ നിന്നു നവജന്മാന്തരവും പ്രദാനം ചെയ്യുന്ന,' ദേവതയോട് സ്‌നേഹവും ബഹുമാനവും തോന്നും മറ്റു ചിലപ്പോള്‍. രണ്ടുമൂന്നു പേജുകള്‍ തന്നെ നീക്കിവച്ചിട്ടുണ്ട് മൃത്യുദേവതയുടെ ഉത്പത്തിക്കഥ പറയുന്നതിന്. അത് മറ്റൊരിടത്ത് പറയാം.
ആയുര്‍വ്വേദവൈദ്യന്മാരായ ജീവന്‍ മശായ്‌യുടെ കുടുംബം നാഡീപരിശോധനാവിദ്യയില്‍ അഗാധജ്ഞാനം നേടിയവരും കൂടിയാണ്. ഈ ജ്ഞാനം നേടുന്നത് എങ്ങനെയെന്ന് 'വ്യാഖ്യാനിച്ചിട്ടു ഫലമില്ല. അനുഭവസിദ്ധമാകുന്നത് ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. ആ ഭാഗ്യമുണ്ടെങ്കില്‍ ആ ശക്തി ആര്‍ജ്ജിക്കാന്‍ കഴിവുണ്ടെങ്കില്‍ നിനക്കും മനസ്സിലാകും....നാഡീപരിശോധനാവിദ്യയില്‍ യഥാര്‍ത്ഥജ്ഞാനം ലഭിക്കുമ്പോള്‍ ജീവിതത്തിനിടയില്‍ മരണത്തെ അനുഭവിച്ചറിയാന്‍ സാധിക്കും.'ജഗത് മശായ് മകനോടു പറഞ്ഞു. മകന് ആ വിദ്യ കരഗതമായി, പേരു കേട്ട നാഡീപരിശോധകനുമായി. ജീവന്‍മശായ്‌യുടെ നാഡീവൈദഗ്ദ്ധ്യത്തെപ്പറ്റിയുള്ള സാക്ഷ്യപ്പെടുത്തലുകളില്‍ ചിലത് ഇങ്ങനെ:
'ജീവന്‍മശായ്ക്ക് നാഡി നോക്കിയാല്‍ കാലത്തിന്റെ കാലടിയൊച്ച മനസ്സിലാക്കാന്‍ കഴിയും, പിതൃ-പിതാമഹന്മാരില്‍നിന്നു പരമ്പരാഗതമായി ലഭിച്ച സമ്പത്താണ്...ജീവന്‍മശായ് നാഡി നോക്കിയാല്‍ മരണരോഗത്തില്‍ മൃത്യു ചിലങ്ക കിലുക്കി വരുമെന്നാണ് ആളുകള്‍ പറയുന്നത് .'
നാഡീപരിശോധനാവിദ്യയില്‍ അഗ്രഗണ്യനായിരുന്ന ജഗത്ബന്ധു മകന് വ്യാകരണപാഠം കഴിഞ്ഞ് നാഡീപരിശോധനാവിദ്യയില്‍ പ്രായോഗികപാഠം പഠിപ്പിക്കാന്‍ തെരഞ്ഞെടുത്തത് വളരെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. വൈശാഖമാസത്തിലെ അക്ഷയതൃതീയ! അതെ ഇപ്പോള്‍ സ്വര്‍ണ്ണക്കടക്കാരുടെ സ്വന്തം അക്ഷയതൃതീയ തന്നെ!
കാലം മാറിയപ്പോള്‍ മനസ്സിലാക്കിയ കാര്യം പറയുന്നത് തെറ്റായി മാറി. എന്തിന് താന്‍ ഇങ്ങനെ പറയുന്നു എന്ന് മശായ് ചിന്തിക്കുന്നുണ്ട്. 'എന്തിന് അതു പറഞ്ഞു?..... അറിയിക്കാതെ വയ്യ, പറയാതെ വയ്യ. അത് അവരുടെ വിധിയാണ്. ചികിത്സകരുടെ കര്‍ത്തവ്യമാണ്. ' എന്ന് സ്വയം സമാധാനിക്കുന്നു. എന്തിനേറെ, ഡോക്ടറായ സ്വന്തം പുത്രന്‍ വനബിഹാരിയുടെ മരണകാലം മൂന്നുമാസം മുന്നേ നാഡി നോക്കി അറിഞ്ഞ ജീവന്‍ ഡോക്ടര്‍ അറിഞ്ഞു മനസ്സില്‍ വയ്ക്കുകയല്ല, കാര്യം പ്രഖ്യാപിച്ചുും കളഞ്ഞു! അതു ഒട്ടുമേ ക്രൂരതയല്ല, കര്‍മ്മമാണ്.
വളരെ പഴയകാലത്ത് മൃത്യുസമയം പ്രവചിക്കുന്നത് തെറ്റായിരുന്നില്ല, പ്രത്യേകിച്ചും കാലമെത്തിയവരുടേത്. അവര്‍ അതു ശാന്തമായി സ്വീകരിച്ച് സ്വയം സന്നദ്ധരാകുമായിരുന്നു. 'അതിമോഹത്തിലും അതിമായയിലും മുങ്ങിക്കിടക്കുമ്പോഴാണ് മരണത്തെക്കുറിച്ച് മനുഷ്യന് ഭയമുണ്ടാകുന്നത്. അപ്പോള്‍ അവന്‍ പല സൂത്രവും പറയും-എനിക്ക് ഇന്നതിനുവേണ്ടി ജീവിച്ചിരിക്കണം, എന്നെ രക്ഷിക്കൂ. മരണഭയം സമ്മതിക്കാന്‍ മനുഷ്യനു ലജ്ജയാണ്.' ഒരു കഥാപാത്രത്തെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നുണ്ട് കഥാകാരന്‍.
സ്വന്തം മകന്റെ മരണം നാഡി നോക്കിച്ച് അറിഞ്ഞ് വിറയക്കുന്ന മനസ്സോടെയെങ്കിലും സമചിത്തതയോടെ അത് നേരിടുന്ന രത്തന്‍ബാബു, എനിക്ക് ഒഴിവു കിട്ടാറായെന്നു തോന്നുന്നു എന്ന് ശാന്തതയോടെ മരണദേവതയുടെ വരവ് കാത്തിരിക്കുന്ന കാളീക്ഷേത്രത്തിലെ പൂജാരി, ഇവരൊക്കെ പഴയകാല പക്വതയുടെ പ്രതീകങ്ങളായി അന്നും അവശേഷിച്ചവരാണ്. "ഈ പോക്കാണു പോക്ക്. മൃത്യുവിന്റെ ബഹുമാന്യാതിഥിയായി പോകുക. ഈ കാലത്ത് അത്തരം അതിഥികളെ മൃത്യുവിനു കിട്ടാറില്ലെന്നു തോന്നുന്നു....യോഗസാധന നേടിയവരുടെ മനസ്സ് അത്ഭുതകരമാംവിധം ശക്തിമത്തായിരിക്കും. ദേഹത്തിന്റെ ജീര്‍ണ്ണത അവരെ സ്പര്‍ശിക്കുകയില്ല. ആ ജീര്‍ണ്ണദേഹം ത്യജീച്ച് പുതിയൊരു ദേഹം ധരിക്കാന്‍ അവര്‍ ആഗ്രഹിക്കും.ഇത് ഈ നാട്ടിലെ ചിരപുരാതനകാര്യങ്ങളാണ്. " എന്നാല്‍ ആശകള്‍ തീര്‍ന്നില്ലെന്നു വിലപിക്കുന്ന മോത്തിയുടെ അമ്മ ഇന്നിന്റെ പ്രതീകവും.
ഇപ്പോള്‍ നാഡിനോക്കി രോഗം പറയാനറിയാവുന്നവര്‍ ഇല്ല, മാത്രവുമല്ല സത്യസന്ധമായി രോഗിയോടു രോഗത്തെപ്പറ്റി സംവദിക്കുന്നത് വലിയ തെറ്റാണെന്നു കണക്കാക്കയും ചെയ്യുന്നു. കാലത്തിന്റെ ഈ മാറ്റമായിരുന്നു ജീവന്‍ മശായ്‌യെ പ്രദ്യോത് ഡോക്ടര്‍ക്ക് അനഭിമതനാക്കി മാറ്റിയത്. ഇപ്പോഴും നമ്മുടെയിടയില്‍ വല്ലാതെ കണ്ടുവരുന്ന തെറ്റായ ഒരു പ്രവണതയാണ് ഇത്. രോഗിയെ രോഗം അറിയിക്കാതെ ഇരിക്കുന്നത് ഒരു മനഃശാസ്ത്രപരമായ നടപടിയാണ് എന്ന് ധരിച്ചുവശായിരിക്കുന്ന നമ്മളങ്ങു തീരുമാനിക്കുന്നു, രോഗി തന്റെ അവസ്ഥ അറിയേണ്ട എന്ന്. ആദ്യം അറിയുമ്പോള്‍ ഭീകര ഷോക്കാവും ആര്‍ക്കും, പക്ഷേ പിന്നീട് അവര്‍ അത് അംഗീകരിക്കും, ഒന്നുകില്‍ രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വയം ആലോചിക്കും, അല്ലെങ്കില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി തീരുമാനമുണ്ടാക്കും. അതല്ലേ വേണ്ടത്.
ദീനബന്ധുദത്ത സേവനനിരതനായ നാട്ടുവൈദ്യനായിരുന്നു, മകന്‍ ജഗത്ബന്ധുദത്ത സംസ്‌കൃതവും അതിലൂടെ പഞ്ചമവേദമായ ആയുര്‍വേദവും കൂടി അഭ്യസിച്ച് തന്റെ വൈദ്യപാരമ്പര്യത്തിന്റെ യശസ്സുയര്‍ത്തി. എന്നാല്‍ ജഗത്ബന്ധുവിന്റെ മകന്‍ ജീവന്‍ ദത്തയ്ക്ക് മെഡിക്കല്‍സ്‌ക്കൂളില്‍ ചേര്‍ന്ന് 'സില്‍ക്ക്‌കോട്ടും പാന്റും സ്വര്‍ണ്ണച്ചെയിനും ധനവും സമ്പത്തും പ്രശസ്തിയുമുള്ള ' രംഗലാല്‍ഡോക്ടറെപ്പോലെയുള്ള അലോപ്പതി ഡോക്ടറാകാനായിരുന്നു താല്‍പ്പര്യം. പക്ഷേ മഞ്ജരി എന്ന ഒരു പെണ്‍കൊടി കാരണം പക്ഷേ അതിനു കഴിഞ്ഞില്ല, അച്ഛന്‍ ചൂണ്ടിക്കാണിച്ച ആയുര്‍വ്വേദവൈദ്യത്തിലേക്കു തന്നെ തിരിയേണ്ടിയും വന്നു ജീവന്. ആദ്യം ഇഷ്ടമില്ലാതെ തുടങ്ങിയെങ്കിലും പിന്നെ ജീവന്‍ അതില്‍ മുങ്ങിപ്പൊങ്ങുകയാണ്, തന്റെ നിയോഗം കണ്ടെത്തിയാലെന്ന പോലെ. അങ്ങനെ ഒന്നാന്തരം നാഡീ വൈദ്യനാകുന്നു, ഒപ്പം രംഗലാല്‍ഡോക്ടറില്‍ നിന്ന് അലോപ്പതിയും വശമാക്കുന്നു. ചുരുക്കത്തില്‍ ഡോക്ടര്‍ വൈദ്യനായി മാറി ജീവന്‍ ദത്ത.
എല്ലാ ദത്തമാര്‍ക്കും അവരുടെ സേവനനിരത സദ്പ്രവര്‍ത്തികള്‍ മശായ്(മഹാന്‍) എന്ന സ്ഥാനപ്പേര് നേടിക്കൊടുത്തു. നാട്ടുകാര്‍ അറിഞ്ഞു സ്വമനസ്സാലെ നല്‍കിയ സ്ഥാനപ്പേരാണ് അത്, പുതുകാല പത്മപുരസ്‌ക്കാരങ്ങള്‍ പോലെയല്ല. :)) പക്ഷേ ജീവന്‍മശായ്‌യുടെ ഡോക്ടറായ മകന്‍ വനബിഹാരി പാരമ്പര്യപ്രകാരമുള്ള ചിട്ടയായ ആരോഗ്യരീതികള്‍ ഒന്നും പാലിച്ചില്ല, 'അമിതാചാരവും അനിയമവുംകൊണ്ട് ക്രമത്തില്‍ അവന്റെ രോഗം സങ്കീര്‍ണ്ണമായിത്തീര്‍ന്നു.... അവന്‍ തന്റെ ജീവിതരീതികൊണ്ട് ശരീരത്തെ രോഗബീജത്തിനു തഴച്ചുവളരാന്‍ തക്കവിധം ഫലഭൂയിഷ്ടമാക്കിത്തീര്‍ത്തു,' എന്ന് മശായ് ചിന്തിക്കുന്നുണ്ട്. വനബിഹാരിക്ക് 'ആഗ്രഹം രിപുവായിത്തീര്‍ന്നു.' മൃത്യുദേവതയെ അകാലത്തില്‍ വിളിച്ചു വരുത്തുകയും ചെയ്തു.
'Medicine can cure disease, but cannot prevent death' എന്നു പറയുന്ന പ്രഗത്ഭനായ രംഗലാല്‍ ഡോക്ടര്‍ അലോപ്പതി പഠിച്ചത് സ്വയമാണ്. ഭൃത്യന്‍ ശ്മശാനത്തില്‍ പോയി ശവശരീരങ്ങള്‍ കാളവണ്ടിയിലിട്ട് കൊണ്ടുവരും. രംഗലാല്‍ അതു കീറിമുറിച്ചങ്ങു പഠിക്കും! ജീവന് രംഗലാല്‍ഡോക്ടര്‍ കൊടുത്ത ഉപദേശം ഇങ്ങനെ:'മനുഷ്യന്‍ തീരെ നിസ്സഹായനാണ്. മൃഗങ്ങളെപ്പോലെ കാമക്രോധലോഭാദികളുണ്ട്. എന്നാല്‍ മൃഗങ്ങളെപ്പോലെ സഹനശ്കതിയില്ലതാനും. അവരോടു ദേഷ്യം തോന്നരുത്, തോന്നാം, അതിനുള്ള അവകാശം തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ട്, പക്ഷേ അപ്പോള്‍ ചികിത്സാവൃത്തിക്കു പോകരുതെന്നു മാത്രം.'
ജീവന്‍ മശായ് ക്ക് കൊണ്ടുപിടിച്ച പ്രാക്ടീസ് ഉണ്ടായിരുന്നു. ധാരാളം പണം സമ്പാദിക്കയും ചെയ്തു. പക്ഷേ പണത്തിന് ആര്‍ത്തി പിടിച്ചില്ല, കാരണം, "അര്‍ത്ഥം കാമ്യമല്ലാതെയല്ല. പക്ഷേ ഒപ്പം പരമാര്‍ത്ഥവും കാമിച്ചതുകൊണ്ട്. " ഒരു ലക്ഷത്തിലധികം രൂപയുടെ കിട്ടാക്കടം എഴുതിവച്ച രജിസ്റ്റര്‍ ഉണ്ടായിരുന്നു മശായ് യ്ക്ക് !
സ്വന്തം കര്‍മ്മപഥത്തില്‍ വിശാരദനായിരുന്നെങ്കിലും അത്തര്‍ബൗവ്വുമായുള്ള ദാമ്പത്യം ജീവന് ഒട്ടും സുഖദായകമായിരുന്നില്ല. മഞ്ജരിയുമായി നിശ്ചയിക്കപ്പെട്ട വിവാഹത്തിനു മുമ്പ് വധു മറ്റൊരാളെ പരിണയിച്ചപ്പോള്‍ നിശ്ചയിച്ച അതേ ദിവസം തന്നെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുമായി ജീവന്റെ വിവാഹം നടത്തി. തന്നോടുള്ളത് സഹതാപം മാത്രം, താന്‍ വെറും ഒരു പകരക്കാരി എന്ന തോന്നലുകളില്‍ നിന്ന് ആജീവനാന്തം മുക്തി ലഭിക്കാതെ ഉരുകി വേദനിച്ചു അത്തര്‍ബൗ. 'ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വരച്ചേര്‍ച്ച ഇല്ലാതാകുന്നതില്‍പരം അസമാധാനം ഉണ്ടാകാനില്ല.' എന്ന് കഥാകാരന്‍ അഭിപ്രായപ്പെടുന്നുണ്ട്.
'വിവാഹത്തിനുമുമ്പ് ശുക്ലപക്ഷത്തിലെ ചതുര്‍ദശിനാളത്തെ സമുദ്രം പോലെ ഉത്സാഹപൂര്‍ണ്ണമായ ജീവിതം വിവാഹത്തിനുശേഷം അമാവാസി നാളിലെ വേലിയിറക്കം കഴിഞ്ഞ സമുദ്രം പോലെ ഉല്ലാസരഹിതവും ക്ഷീണിതവും വിവര്‍ണ്ണവുമായിത്തീര്‍ന്നു. ജീവിതത്തിലൊരിക്കലും പൂര്‍ണ്ണിമ വന്നില്ല. അമാവാസി വന്നോ? ഇല്ല. അതും ഇതുവരെ വന്നിട്ടില്ല...... അത്തര്‍ബൗ മലമ്പനിയാണ്, മാറാ വ്യാധിയാണ്. ജീവിതക്രമത്തില്‍ എന്തെങ്കിലും തെറ്റിയാല്‍, മാറ്റമുണ്ടായാല്‍, പ്രത്യക്ഷമാകും. തെറ്റിയില്ലെങ്കില്‍ തന്നെ കറുത്തവാവിനും വെളുത്ത വാവിനും എന്ന പോലെ ഇടയ്ക്കിടെ കഠിനമായ വേദനയും ചൂടും ഉണ്ടാക്കും' എത്ര മനോഹരമാണ് കാര്യം വെളിവാക്കിയ രീതി? ഇങ്ങനെയാണെങ്കിലും താന്‍ ഒരു ആജീവനാന്ത ചതിക്ക് ഇരയാവാതെ മഞ്ജരി ഒഴിഞ്ഞുപോവാനിടയായത് ദൈവാനുഗ്രഹം എന്ന് മനസ്സിലാക്കുന്നുമുണ്ട് മശായ്. ചിലതെല്ലാം സംഭവിക്കുന്നത് അപ്പോള്‍ കടുത്ത ദുഃഖത്തിന് ഇടയാക്കാമെങ്കിലും പില്‍ക്കാലത്ത് അത് അനുഗ്രഹമെന്നു ബോദ്ധ്യെപ്പെട്ടെന്നും വരാം. അത്തര്‍ബൌവ്വ് ഭര്‍ത്താവിനെ തീവ്രമായി സ്നേഹിക്ക തന്നെ ചെയ്തു, പക്ഷേ അത് കടുത്ത കുത്തുവാക്കുകളും സ്വയം പീഡനവുമായിട്ടേ പ്രകടിപ്പിക്കപ്പെട്ടുള്ളു എന്നു മാത്രം. ഓരോരുത്തര്‍ക്ക് ഓരോ വഴി!രാത്രി വളരെ വൈകി മശായ് എത്തുംവരെ എത്ര രാത്രിയായാലും ഉണര്ന്ന് കാത്തിരുന്നു അവര്‍. പരമാനന്ദമാധവനെ കണ്ടുവോ എന്നു ചോദിച്ച് മശായ യുടെ ദേഹി വെടിഞ്ഞ ദേഹത്തേക്ക് മറിഞ്ഞുവീണ് മരിക്കുകയാണ് അത്തര്‍ബൌ.
മിക്ക ബംഗാളിനോവലുകളിലും പ്രകൃതിയും ഋതുക്കളും അതീവ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചുമുള്ള മുകളില്‍ പറഞ്ഞിരിക്കുന്ന വികാരവിചാരങ്ങള്‍ ശ്രദ്ധിക്കുക. ഒരു രോഗിയുടെ മരണവീട്ടില്‍ ഇരിക്കുന്ന മശായ്‌യുടെ ഭാവത്തെ 'ഗ്രീഷ്മകാലത്തെ ഉച്ചനേരത്ത് അനങ്ങാതെ നില്‍ക്കുന്ന മഹാവൃക്ഷംപോലെ ' എന്നാണ് വര്‍ണ്ണിച്ചിരിക്കുന്നത്.
വിധിവിളയാട്ടം എന്ന പോലെ ആര് കാരണമാണോ മെഡിക്കല്‍ സ്‌ക്കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നത്, ആര് കാരണമാണോ സ്വന്തം വ്യക്തിജീവിതം നരകമായിത്തീര്‍ന്നത്, അതേ മഞ്ജരിയെത്തന്നെ അവസാനം ജീവന്‍മശായ്‌യ്ക്ക് ചികിത്സിക്കേണ്ടി വരുന്നു, അതും ഭര്‍ത്താവിന്റെ അനിയന്ത്രിതജീവിതം സമ്മാനിച്ച വിഷമയമായ രോഗത്തിന് . 'അത്തര്‍ബൗ തന്റെ ജീവിതത്തില്‍ ഒരു വ്യാധി മാത്രമാണ്, മൃത്യു മഞ്ജരിയാണ്, ' എന്ന് ജീവന്‍ സ്വയം തിരിച്ചറിയുന്നുണ്ട്. പ്രദ്യോദ് ഡോക്ടറുടെ ഭാര്യ മഞ്ചുവിന്റെ അമ്മയുടെ അമ്മൂമ്മയാണ് മഞ്ജരി എന്നും അറിയാനിടവരുന്നു ! ആഗ്രഹിക്കുമ്പോള്‍ കൈവിട്ടു പോകുന്നവ ഒട്ടും ആഗ്രഹിക്കാത്തപ്പോള്‍ വേഷം മാറി മറ്റൊരു രൂപത്തില്‍ മുമ്പില്‍ വന്നു നില്‍ക്കുന്നു! ഇത്തരം വൈചിത്ര്യബഹുലതയാവും ജീവിതം. മരണം പോലെ ജീവിതവും ഒരു പ്രഹേളിക തന്നെ.
ഈ നോവലും കഥാപാത്രങ്ങളും മലയാളി വായനക്കാര്‍ക്ക് സുപരിചിതമാണ്. നെടുമുടി വേണു ജീവന്‍മശായ് ആയി അഭിനയിച്ച സിനിമയും വന്നിട്ടുണ്ടല്ലോ. പക്ഷേ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നു തോന്നുന്നു. ഞാനും കണ്ടിട്ടില്ല.
മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്ന താരാശങ്കറിന്റെ ആദ്യകൃതിയും കൂടിയേ്രത ഇത്. വര്‍ഷം 62 കഴിഞ്ഞിരിക്കുന്നു ഇത് എഴുതിയിട്ട്, ഇന്നും പക്ഷേ എത്ര ആസ്വാദ്യകരം! കാലത്തെ അതിജീവിക്കുന്ന മഹത് രചനകളിലൊന്ന്.
ഇഷ്ടപ്പെട്ട ചില വാചകങ്ങളില്‍ ചിലതെങ്കിലും എഴുതിയില്ലെങ്കില്‍ എഴുത്ത് അപൂര്‍ണ്ണമാകും.
-ഒരു കൂട്ടര്‍ക്ക് ആരോഗ്യലാഭമുണ്ടാകുന്നു. മറ്റൊരു കൂട്ടര്‍ക്ക് സേവനലാഭവും.
-ചീരകൊണ്ട് മീനിന്റെ മണം മൂടി വയ്ക്കാനൊക്കില്ല ചങ്ങാതി. ഗംഗാതീരത്തു വളര്‍ന്ന ചീരയായാലും ശരി.
-സദ്യയുള്ള വീട്ടില്‍ ഒരു കാക്കവഴി ക്ഷണമയച്ചാലും മതി ഘോഷാല്‍ നേരത്തേ ഹാജരായിക്കൊള്ളും.
-ജ്ഞാനം അഗസ്ത്യമുനിയെപ്പോലെയാണ്. അത് ദുഃഖസമുദ്രത്തെ കൈക്കുമ്പിളിലാക്കി കുടിച്ചുകളയും. ലോകമംഗളത്തിനായി സ്വേച്ഛയാ തെക്കോട്ടു പോകും.
-(യൗവ്വനം) സ്വന്തം ശക്തിയും കഴിവും ഓര്‍ക്കാതെ മത്സരത്തിന് ഇറങ്ങരുതേ. ഒരു പയ്യന്‍ പനയോലകൊണ്ടുള്ള അരിവാളുമായി രാക്ഷസനോടു പടവെട്ടാന്‍ പോകുന്നു!രാജാവിന്റെ പുത്രനുമായി ഇടയാന്‍ ഇടയച്ചെറുക്കനു സങ്കോചമുണ്ടായില്ല!
-പാവം മോത്തി! വൃദ്ധമാതാവ് മുള്ളുപോലെ തൊണ്ടയില്‍ കുടുങ്ങിയിരിക്കയാണ്.
-തുളസിയിലയ്ക്കുണ്ടോ വലിപ്പച്ചെറുപ്പം?
-പല്ലും നഖവും കൊമ്പുമുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യം ഒഴിവാക്കുകയാണ് നല്ലത്
-കടുവയുടെ ഗുഹയില്‍ കുറുക്കന്‍ മടയുണ്ടാക്കാന്‍ പോകുന്നോ?
-പല്ലും നഖവും നഷ്ടപ്പെട്ട കടുവയാണ് കൂടുതല്‍ ഹിംസ്രസ്വഭാവി
-എന്നും അര്‍ദ്ധരാത്രിയില്‍ പട്ടികള്‍ കിടന്നു മോങ്ങും. പിംഗളകേശിനി വഴിയില്‍ ചുറ്റി നടക്കുന്നത് അവയക്കു കാണാം.
-നല്ല പാചകം എന്നുവച്ചാല്‍ മസാലയുടേയും എണ്ണയുടേയും കളി എന്നാണല്ലോ അര്‍ത്ഥം. ഡിസ്‌പെപ്‌സിയ ഉണ്ടാക്കാനായി വയറ് ഒരുക്കുക.
No comments:
Post a Comment