Friday, December 18, 2009

സുരഭി പറഞ്ഞ കാര്യം.

ഒരു നാള്‍ ഏങ്ങലടിച്ച്‌ നെഞ്ചുരുകി കരഞ്ഞുപോയി സുരഭി. ദേവകളുടെ ആരാധനാപാത്രമായ , ദേവലോകത്തിലെ പശുവാണ്‌ കരയുന്നത്‌. കാരണമന്വേഷിച്ച ദേവേന്ദ്രനോട്‌ സുരഭി സങ്കടം ബോധിപ്പിച്ചു.

"മനുഷ്യര്‍ക്കടിമപ്പെട്ട്‌ ലോകത്തില്‍ എന്റെ മക്കള്‍ ക്ലേശിക്കുന്നത്‌ അങ്ങു കാണുന്നില്ലെന്നുണ്ടോ? അതാ നോക്കൂ, എല്ലുന്തി മാംസവും മജ്ജയും വറ്റിയ ആ ശക്തിഹീനനായ മകനാണ്‌ ഇപ്പോള്‍ എന്റെ ദുഃഖം. അവന്റെ കൂടെ കലപ്പയില്‍ കെട്ടിയിരിക്കുന്ന ശക്തനായ കാളക്കൊപ്പമെത്താന്‍ കഴിയുന്നില്ല അവന്‌. അതിനായി ഉഴവുകാരന്‍ അവനെ ചമ്മട്ടി കൊണ്ടടിക്കുന്നു, കോല്‍കൊണ്ടു കുത്തുന്നു, വാല്‍ പിടിച്ചൊടിക്കുന്നു. ആ പാവം മരണവേദനയനുഭവിക്കയാണ്‌. "

" നിന്റെ മറ്റു മക്കളും ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ. പിന്നെ ഇവനു മാത്രമെന്താ പ്രത്യേകത? " ദേവേന്ദ്രന്‍ വിശദീകരണം അവശ്യപ്പെട്ടു.

" എനിക്കെല്ലാ പുത്രരോടും സ്‌നേഹമുണ്ട്‌. പക്ഷേ, അശക്തനും ദുഃഖിതനുമായവനോട ്‌ കൂടുതല്‍ സ്‌നേഹം തോന്നിപ്പോകുന്നു. " സുരഭി തന്റെ പക്ഷാഭേദത്തിന്‌ ന്യായീകരണം നല്‍കി. ഇതില്‍ തൃപ്‌തനായ ദേവേന്ദ്രന്‍ കടുത്ത മഴ വീഴ്‌ത്തി, ഉഴവു നിര്‍ത്താന്‍ ഉഴവുകാരന്‍ നിര്‍ബന്ധിതനുമായി.

ഇത്‌ മഹാഭാരതത്തില്‍ നിന്നൊരേട്‌ . വ്യാസമഹര്‍ഷി ധൃതരാഷ്ട്രരെ ഉപദേശിക്കവെ സാന്ദര്‍ഭികമായി ഉദാഹരിച്ച കഥ. (അവലംബം : ഭാരതസംഗ്രഹം, സ്വാമി ദയാനന്ദതീര്‍ത്ഥ)

ലോകത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം പക്ഷാഭേദമാണ്‌ എന്ന്‌ മാതൃഭൂമിയുടെ ഇന്നത്തെ ചിന്താവിഷയത്തില്‍ എന്നോ ഒരിക്കല്‍ വായിച്ചു. ആരു പറഞ്ഞു എന്നതു മറന്നു. എന്നത്തേയും നീറുന്നു പ്രശ്‌നമായിരുന്നതുകൊണ്ടാകണം ആ വാക്യം മനസ്സില്‍ പതിഞ്ഞു.

ബുദ്ധിപരമായോ ആരോഗ്യപരമായോ പ്രാപ്‌തി കുറഞ്ഞ മക്കളെ അച്ഛനമ്മമാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്‌ സ്വാഭാവികം. ബലം കുറഞ്ഞവര്‍ക്കു കൈത്താങ്ങു നല്‍കി അവരെ മറ്റുള്ളവര്‍ക്കൊപ്പം നിര്‍ത്തേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. പക്ഷേ കാലം ചെല്ലവേ അവര്‍ ബലഹീനത അതിജീവിച്ചിട്ടുണ്ടാകും , മറ്റു മക്കളെക്കാള്‍ എല്ലാ അര്‍ത്ഥത്തിലും ശക്തരായിക്കാണും, പക്ഷേ, അച്ഛനമ്മമാര്‍ അതു കാണില്ല. ഫലമോ? പല സന്ദര്‍ഭങ്ങളിലും ഇക്കൂട്ടര്‍ സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ക്കായി അവരോടുള്ള അച്ഛനമ്മമാരുടെ ദൗര്‍ബ്ബല്യം മുതലെടുക്കുന്നു. അവര്‍ക്കുവേണ്ടി മാതാപിതാക്കള്‍ക്കൊപ്പം നിന്ന്‌ ത്യാഗങ്ങള്‍ സഹിച്ച മറ്റു മക്കള്‍ ആരുമല്ലാതാകുന്നു. കുടുംബം നാനാവിധമാകുന്നു. ബന്ധങ്ങള്‍ തകരുന്നു. അതുകൊണ്ടും അവസാനിക്കുന്നില്ല. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നേടിക്കഴിഞ്ഞാല്‍ ഇക്കൂട്ടര്‍ അച്ഛനമ്മമാരെ തള്ളിപ്പറഞ്ഞോ സൂത്രത്തിലോ ഒഴിവാക്കും. ഇനി മക്കളുടെ മുഴുവന്‍ അജണ്ടയും നടന്നില്ലെങ്കിലോ, മരണം വരെ മറ്റു മക്കളില്‍ നിന്നകന്ന്‌ തടവറയില്‍ കഴിയാം. പക്ഷാഭേദത്തിന്റെ വില കുടുംബത്തകര്‍ച്ചയാണ്‌.


കുടുംബത്തിന്റെ ഭരണാധികാരികളാണ്‌ അച്ഛനമ്മമാര്‍. അവര്‍ക്കു ദൗര്‍ബ്ബല്യങ്ങള്‍ പാടില്ല. അവര്‍ തീരുമാനമെടുക്കുമ്പോള്‍ കുടുംബത്തിന്റെ മൊത്തം അഭിവൃദ്ധി മുന്നില്‍ കാണണം. ഇല്ലെങ്കില്‍ കുടംബം ഛിന്നഭിന്നമാകും. പിന്നെ ദുഃഖിച്ചിട്ട്‌ എന്തു ഫലം?പല കുടുംബങ്ങള്‍ ചേര്‍ന്ന സമൂഹത്തിനും പല സമൂഹങ്ങള്‍ ചേര്‍ന്ന രാജ്യത്തിനും ഇതു ബാധകമാണ്‌.

തലപ്പത്തിരിക്കുന്നവര്‍ എപ്പോഴും എന്റെ, എന്റെ പാര്‍ട്ടിയുടെ, എന്റെ മക്കളുടെ, എന്റെ ജാതിയുടെ എന്ന സ്വാര്‍ത്ഥചിന്ത വെടിഞ്ഞ്‌ ഇരിക്കുന്ന സ്ഥാനത്തിന്റെ ചുമതലയും മാന്യതയും മനസ്സിലാക്കി പെരുമാറണം. ജയിച്ചുകഴിഞ്ഞാല്‍ പിന്നെ തനിക്കു വോട്ടു ചെയ്‌തവര്‍ക്കൊപ്പം ചെയ്യാത്തവരുടേയും കൂടി നേതാവാണ്‌ താന്‍ എന്നതു മറക്കാന്‍ പാടില്ല. ഏതു തരം ചായ്‌വും സമൂഹത്തിനു ദോഷം ചെയ്യും. അന്തഃഛിദ്രങ്ങളുണ്ടാക്കും.

ദുര്‍ബ്ബലര്‍ക്ക്‌ അത്താണിയാകണം, പക്ഷേ ആരെയും വില പേശാന്‍ അനുവദിക്കാന്‍ പാടില്ല. ഒരു പാര്‍ട്ടിയും ജാതിയും മതവും രാഷ്ട്രത്തിനതീതരല്ല. അത്‌ വേണ്ട വണ്ണം എല്ലാവരേയും മനസ്സിലാക്കിക്കേണ്ട ചുമതലയുണ്ട്‌ ഭരണകൂടത്തിന്‌. പക്ഷേ അതൊക്കെ അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. താത്‌ക്കാലികലാഭം, വോട്ട്‌ ഇതൊക്കെ മാത്രം നോക്കിയാല്‍ സര്‍വ്വനാശമാകും ഫലം.

സി.രാധാകൃഷ്‌ണന്റെ ഒരു നോവലില്‍ (പേരു മറന്നു പോയി) പറയുന്നതു പോലെ ന്യായസ്ഥനായ ഒരാള്‍ സ്ഥാപനത്തിന്റെ തലപ്പത്തു വരിക എന്നതു മാത്രമാണ്‌ ആ സ്ഥാപനത്തിലെ എല്ലവര്‍ക്കും നീതി ലഭിക്കുവാനുള്ള ഒരേയൊരു മാര്‍ഗ്ഗം. ഇത്‌ സംസ്ഥാനം, രാജ്യം തുടങ്ങിയ എല്ലാ വലിയ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്‌.

5 comments:

 1. " എനിക്കെല്ലാ പുത്രരോടും സ്‌നേഹമുണ്ട്‌. പക്ഷേ, അശക്തനും ദുഃഖിതനുമായവനോട ്‌ കൂടുതല്‍ സ്‌നേഹം തോന്നിപ്പോകുന്നു. " സുരഭി തന്റെ പക്ഷാഭേദത്തിന്‌ ന്യായീകരണം നല്‍കി.

  ReplyDelete
 2. നല്ല പോസ്റ്റ്,

  ReplyDelete
 3. ..."ന്യായസ്ഥനായ ഒരാള്‍ തലപ്പത്തു വരിക എന്നതു മാത്രമാണ്‌ എല്ലവര്‍ക്കും നീതി ലഭിക്കുവാനുള്ള ഒരേയൊരു മാര്‍ഗ്ഗം...."

  വളരെ ശരി . അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
  വളരെ നല്ല ഒരു ലേഖനം എല്ലാവരും ഇതുപോലെ ചെയ്തെങ്കില്‍ കുടുംബത്തിലും നാട്ടിലും സമാധാനവും സംതൃപ്തിയും വന്നേനെ.
  ആശംസകളോടേ മാണിക്യം

  ReplyDelete
 4. ന്യായസ്ഥനായ ഒരാള്‍ തലപ്പത്തു വന്നത് കൊണ്ട് ഇന്നത്തെ സിസ്റ്റത്തില്‍ എന്തെങ്കിലും മാറ്റം വരുമൊ? എന്തോ അത്ര ഒപ്റ്റിമിസ്റ്റ് ആയി ചിന്തിക്കാന്‍ തോന്നുന്നില്ല..ഇന്ന് ദുര്‍ബലരായി പോകുന്നവരെ തഴയുന്ന മാതാപിതാക്കളും കുറവല്ല..

  ReplyDelete