Saturday, December 5, 2015

വംഗവസന്തം-01

                                               
ഒക്ടോബറില്‍ ഒരാഴ്ച്ച കോട്ടയം കിംസ് ആശുപത്രി മുറിയില്‍ അമ്മയുടെ കൂട്ടിരിപ്പുകാരി ആയിരുന്നു ഞാന്‍. എന്തോ പേടിസ്വപ്‌നം കണ്ടെന്ന പോലെ ഒരിക്കല്‍ ഉറക്കം ഞെട്ടി അമ്മ ചോദിച്ചു,

'ടാണ്ഡബാരോവിനെ നീ ഓര്‍ക്കുന്നോ? '

വേണ്ടതും വേണ്ടാത്തതുമായി ഒരു പിടി കാര്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന എന്റെ 'മെമ്മറി ' ക്ക് പെട്ടന്ന് അത് 'അക്‌സസ്'ചെയ്യാനായില്ല. ഇല്ല എന്നു ഞാന്‍ തലയാട്ടി.

'ആരണ്യക് ' അമ്മ പറഞ്ഞു.

'ഓ...വിഭൂതിഭൂഷണ്‍ വന്ദ്യോപാദ്ധ്യായ അല്ലേ ' എനിക്ക് നൊടിയിടയില്‍ ഓര്‍മ്മ തെളിഞ്ഞു. വന്യമഹിഷദേവതയായ ടാണ്ഡബാരോവിനെ അമ്മ സ്വപ്‌നം കണ്ടോ ആവോ. എനിക്കു സങ്കടമായി. കാട്ടുപോത്തിന്‍കൂട്ടത്തിന്റെ ദേവതയാണ് അത്. 

'ഓ, പഥേര്‍ പാഞ്ചാലിയും അതേ ആളുടേതല്ലേ, ' വിഷമം പുറത്തു കാണിക്കാതെ ഞാന്‍ ടാണ്ഡബാരോവില്‍ നിന്ന് സൂത്രത്തില്‍ അമ്മയുടെ ശ്രദ്ധ തിരിച്ചു. അമ്മ പിന്നെ അപുവിലേക്കും ദുര്‍ഗ്ഗയിലേക്കും, അവിടെ നിന്ന് സത്യജിത്‌റേയിലേക്കും സഞ്ചരിച്ചു. തീരെ ഒളിമങ്ങാത്ത അമ്മയുടെ വായന ഓര്‍മ്മകള്‍!

അമ്മയുടെ വാക്കുകള്‍ എന്നിലും ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ ഉണര്‍ത്തി. പഴയ വായനക്കാലത്തേക്കൊന്നു മടങ്ങാന്‍, ആ ബംഗാളിസാഹിത്യ വസന്തം ഒന്നു കൂടി നുകരാന്‍, ആ തെളിനീര്‍നിര്‍ഝരിയില്‍ ഒന്ന് നീന്തിത്തുടിക്കാന്‍, മനസ്സു വെമ്പി.

ടാഗോറിന്റെ കഥാരത്‌നങ്ങള്‍, യോഗായോഗ്, ആരോഗ്യനികേതനം, നിറം പിടിപ്പിച്ച നുണകള്‍, വിലയ്ക്കു വാങ്ങാം, ബീഗം മേരി ബിശ്വാസ്, സുവര്‍ണ്ണലത, ബകുളിന്റെ കഥ അങ്ങനെ എത്രയെത്ര. എന്തായാലും ഒരിക്കല്‍ക്കൂടി ഞാന്‍ അവയുടെ മധുരം നുണയട്ടെ.

ആരണ്യക്

വെറും 56-ാം വയസ്സില്‍, 1950 ല്‍ ഈ ലോകം വിട്ടുപോയ ആളാണ് വിഭൂതിഭൂഷണ്‍ വന്ദ്യോപാദ്ധ്യായ. പക്ഷേ അദ്ദേഹം ഇപ്പോഴും വായിക്കപ്പെടുന്നു, ബംഗാളിയില്‍ മാത്രമല്ല, ഇംഗഌഷില്‍, വിവിധ ഇന്‍ഡ്യന്‍ ഭാഷകളില്‍.

പി. വാസുദേവക്കുറുപ്പ് മൊഴിമാറ്റിയ ഈ കൃതി എസ്പിസിഎസ് ആദ്യം പ്രസിദ്ധീകരിച്ചത് 1958 ലത്രേ. ഹൃദ്യമായ ആമുഖത്തില്‍ പറയുന്നതുപോലെ ഒരു 'ഗദ്യരൂപം പൂണ്ട കാന്താരഗീതകം'ആണ് ഇത്. ആമുഖകാരനായ സുനീത് കുമാര്‍ചാറ്റര്‍ജി ഇതിനെ താരതമ്യം ചെയ്യുന്നത് ഋഗ്വേദത്തിലെ 'അരണ്യാനിസ്തവം', ബാണഭട്ടന്റെ 'വന്യഗ്രാമകം' എന്നീ വനവര്‍ണ്ണനകളോടത്രേ. കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന വ്യക്തമായൊരു കഥാതന്തു ഈ നോവലിന് ഇല്ല. അതിശൈത്യത്തില്‍ വിറയ്ക്കുകയും കൊടുംവേനലില്‍ കാട്ടുതീയില്‍ കത്തിയമര്‍ന്ന് ജലത്തിനായ് കേഴുകയും ചെയ്യുന്ന കൊടുംകാടാണ് പ്രധാനകഥാപാത്രം. ആ പര്‍വ്വതവനാന്തരങ്ങളുടെ മേല്‍ മനുഷ്യന്‍ നടത്തിയ കടന്നുകയറ്റത്തിന്റെ കഥയാണ് ഇത്.

്‌വക്കീല്‍ഭാഗം പാസ്സായ സത്യചരണന്‍ ഉപജീവനാര്‍ത്ഥം, കല്‍ക്കട്ടയിലെ തിരക്കിലും പരിഷ്‌ക്കാരത്തിലും നിന്നു വിട്ട് ബംഗാളിനോടു ചേര്‍ന്നു കിടക്കുന്ന ഉത്തരബീഹാറിലെ പതിനായിരത്തോളം ഏക്കര്‍ വിസ്തൃതിയുള്ള വനം എസ്റ്റേറ്റില്‍ ഭൂമി പാട്ടത്തിനു കൊടുപ്പിക്കുന്ന മാനേജര്‍ ഉദ്യോഗം ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനാവുന്നു. ആദ്യമാദ്യം അവിടെ നിന്ന് കല്‍ക്കത്തയിലെ തിരക്കിലേക്കും പരിഷ്‌കൃതിയിലേക്കും ഓടിരക്ഷപ്പെടാന്‍ ആഗ്രഹിച്ച മാനേജര്‍ബാബു പതിയെ ആ വന്യപ്രകൃതിയുമായി, 'പാണ്ഡവന്മാര്‍ പോലും വര്‍ജ്ജിച്ച വനാന്തരങ്ങളുമായി', അപരിഷ്‌കൃതരെന്നു മുദ്ര കുത്തപ്പെട്ട അവിടുത്തെ നല്ല മനുഷ്യരുമായി പ്രണയബദ്ധനാകുകയാണ്, ഒപ്പം വായനക്കാരായ നമ്മളും. മാനേജര്‍ബാബുവിന്റെ വര്‍ണ്ണന വായിച്ച് മനക്കാഴ്ച്ചയില്‍ കണ്ട, നീലനിറമാര്‍ന്ന സരസ്വതീതടാകത്തിലെ തെളിനീരും അതിന്റെ തീരത്തുള്ള നിബിഡവനവും ഇപ്പോഴും കണ്ണിന്‍മുമ്പിലുണ്ട്.

പ്രകൃതിയുടെ ആ വരദാനം അകളങ്കമായി അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിച്ചിട്ടും തന്നെ  നിയമിച്ച ജമീന്ദാരുടെ ഉത്തരവു പ്രകാരം ആ കാട് വെട്ടിത്തെളിച്ച് അത് പലര്‍ക്കായി പാട്ടത്തിനു പതിച്ചുകൊടുക്കേണ്ടി വന്നു മാനേജര്‍ബാബുവിന്. അവസാനം തന്റെ ഉദ്യമം നിര്‍വ്വഹിച്ച ശേഷം 'അരണ്യാനിയുടെ ആദിമവനദേവതമാരെ, എനിക്കു മാപ്പരുളണേ!വിടതരണേ!' എന്ന് മാപ്പ് അപേക്ഷിച്ച് വിടവാങ്ങുകയാണ് കഥ പറയുകയും കൂടി ചെയ്യുന്ന മാനേജര്‍ ബാബു.

ഇതില്‍ വില്ലന്മാര്‍ രണ്ടുപേരെയുള്ളു. ബാക്കിയുള്ളവര്‍ സാധുക്കളാണ്, പക്ഷേ അവരുടേതായ വ്യക്തിത്വമുള്ളവര്‍. പല കാടുകളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും വിവിധയിനം സസ്യലതകള്‍ ശേഖരിച്ച് കാടിന്റെ സസ്യവൈവിദ്ധ്യം വര്‍ദ്ധിപ്പിക്കേണ്ടത് തന്റെ കടമ പോലെ കരുതുന്ന യുഗളപ്രസാദന്‍, ആ മഹത് ഉദ്യമത്തിന് മനസ്സുകൊണ്ടും ശരീരംകൊണ്ടും എല്ലാ പിന്തുണയും നല്‍കുന്ന മാനേജര്‍ ബാബു, നിര്‍ലോഭം പണം കടംകൊടുക്കുന്നത് തന്റെ ധര്‍മ്മമാണെന്നു കരുതുന്ന, പണം തിരിച്ചു കിട്ടായ്ക 'ശാന്തനായി ഉദാസീനഭാവത്തില്‍' സഹിക്കുന്ന ധാവതാല്‍സാഹു,  വളരെ ബുദ്ധിമുട്ടി ഗയയില്‍ പോയി ഛക്കര്‍ബാജിയാട്ടം പഠിച്ച, എന്നെങ്കിലും കല്‍ക്കട്ടയില്‍ പോയി നൃത്തം അവതരിപ്പിക്കണമെന്നു സ്വപ്‌നം കാണുന്ന, ധാതുരിയാ എന്ന ബാലകന്‍, രാജു പാണ്ഡേ, ദോബരു പാന്നാ വീരവര്‍ത്തി എന്ന സാന്താള്‍ രാജാവ്, കുന്താ, ഭാനുമതി, മഞ്ചി...അങ്ങനെ അങ്ങനെ നമ്മുടെ മനസ്സില്‍ കുടിയേറുന്നു ഓരോ കഥാപാത്രവും. അവര്‍ അതിമാനുഷരല്ല, പച്ച മനുഷ്യര്‍. 

്'ഇവരുടെ ദാരിദ്യം, ഇവരുടെ സാരള്യം, കഠോരമായ ജീവിതസമരത്തില്‍ ഇവരുടെ കഴിവ്-ഈ അന്ധകാരമയമായ അരണ്യഭൂമിയും മഞ്ഞുപെയ്യുന്ന തുറന്ന ആകാശവും സുഖലോലുപതയുടെ കോമളകുസുമാസ്മൃതമായ മാര്‍ഗ്ഗത്തിലേക്ക് ഇവരെ ഇറക്കി വിട്ടിട്ടില്ല.'

ചീനപ്പുല്ലരി, ചോളം, പയര്‍, ഗുഡ്മി അരി, ഘേരി അരി, ധുന്ദിലം ഇല, നാഥുയാച്ചീര, ഗുഡ്മിക് കായ, ഇതൊക്കെ മാത്രം ഭക്ഷിക്കുന്ന, നെല്ലരി ചോറൂണ് വല്ലപ്പോഴും ഭാഗ്യമുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന അത്യാഡംബരമാകുന്ന ചില മനുഷ്യര്‍. കുംഭമാസം മുഴുവന്‍ മിയക്കവരും ഗുഡ്മിക് കായകള്‍ മാത്രമാണ് കഴിക്കുന്നതത്രേ! അതു വായിക്കുമ്പോള്‍ അത്ഭുതപ്പെട്ടു പോകും, ഇത്രയും പട്ടിണിപ്പാവങ്ങളോ എന്ന്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ബീഹാര്‍ പ്രാന്തങ്ങളിലെ സബ്‌സ്‌റ്റേഷനുകളില്‍ കമ്മീഷനിംഗിനു പോയിരുന്നവര്‍ പറയുന്ന ബീഹാര്‍ കഥകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലായിരുന്നു അവിടം അപ്പോഴും കഥയെഴുതിയ 1930-40 കളില്‍ നിന്ന് അത്രയൊന്നും പുരോഗമിച്ചിട്ടില്ല എന്ന്. പക്ഷേ ഒന്നുണ്ട്, സമീകൃതാഹാരം എന്നു നമ്മള്‍ പറയുന്നത് ഒന്നും ഇവര്‍ കഴിക്കുന്നില്ലെങ്കിലും പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഇവരാരും പക്ഷേ പട്ടിണിക്കോലങ്ങളല്ല, മറിച്ച് അതീവ ആരോഗ്യമുള്ളവരത്രെ.

ഇവിടുത്തെ സ്ഥലപ്പേരുകളെല്ലാം കേള്‍ക്കാന്‍ ഇമ്പുമുണ്ട്. പൂര്‍ണ്ണിയാ, ഭഗല്‍പുരം, ലബ്ടുലിയാ ബയിഹാരം, ഫൂല്‍കിയാബയിഹാരം, സീതാപുരം, നാഢാബയിഹാരം, ലഷ്മീപുരം, ജയന്തിമല തുടങ്ങിയവ. കാടുകളും അങ്ങനെ തന്നെ. മോഹനപുരാ റിസേര്‍വ് വനം, ലാക്ഷാകീടങ്ങളെ വളര്‍ത്തുന്നതിനു വേണ്ടിയുള്ള ബദരീവനം, മധുവനീവനം....ആസാന്‍ മരം, ഗ്രാന്റ് സാഹിബ് വടവൃക്ഷം, കടുക്കാമരം, ശാല്മലീ വൃക്ഷം, ഝാബുകമരം, മഹുയാമരം-കരടികള്‍ ഈ മരത്തില്‍ വലിഞ്ഞുകയറി പൂക്കള്‍ കഴിക്കും-രക്തപാലാശിപ്പൂക്കള്‍, ഗോളഗോളിപ്പൂക്കള്‍, സേഫാലിക ,ഭോംരാ ലതപ്പൂക്കള്‍, ഹംസലത, ദുധിയാപ്പൂക്കള്‍, എന്നിങ്ങനെ ഒരു പിടിയുണ്ട് സസ്യജാലവൈവദ്ധ്യം. ഇപ്പോള്‍ അവയൊന്നും അവിടെ കാണണമെന്നില്ല.

കേരളത്തിലെ കിഴക്കന്‍ മലകളുടെ കയ്യേറ്റ കഥകള്‍ പറയുന്ന ഇ.എം. കോവൂരിന്റെ നോവലുകള്‍, പ്രത്യേകിച്ച് 'മലകള്‍' ഓര്‍മ്മിപ്പിച്ചു, ഈ പുസ്തകം. പക്ഷേ അതില്‍ കഥ വികസിക്കുന്നത് കഥാപാത്രങ്ങളിലൂടെയാണ്, ഇവിടെ അങ്ങനെയല്ല. പ്രകൃതിയാണ് ഇതില്‍ ആദ്യന്തം താരം. ചില സൂചനകള്‍ കേട്ടാലും.

'പ്രകൃതി തന്റെ ഭക്തന്മാര്‍ക്കു കൊടുക്കുന്നത് അത്യന്തം അമൂല്യമായ ദാനമാണ്. എന്നാല്‍ വളരെക്കാലം പ്രകൃതിയെ ആരാധിക്കാതെ ആ ദാനം ലഭിക്കുകയില്ല. മാത്രമല്ല പ്രകൃതിറാണി അസൂയക്കാരിയും ആണ്. പ്രകൃതിയെ മോഹിക്കുന്നുവെങ്കില്‍ പ്രകൃതിയെത്തന്നെ സ്വീകരിച്ചുകൊള്ളണം. മറ്റൊരു ദിക്കില്‍ മനസ്സുകൊടുത്താല്‍ ആ അഭിമാനിനി അവളുടെ മൂടുപടം മാറ്റുകയില്ല. '

'പ്രകൃതിയുടെ ആ മോഹിനീരൂപത്തിന്റെ വശ്യത മനുഷ്യനെ ഗൃഹത്യാഗിയാക്കും. ' അതിനാല്‍ വീടുംകെട്ടി കുടുംബജീവിതം നയിക്കുന്നവര്‍ ആ രൂപം കാണാതിരിക്കയാണ് നല്ലത് എന്നുകൂടി കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നുണ്ട്! അതിനാല്‍ ഓര്‍മ്മിക്കുക, പ്രകൃതി വര്‍ണ്ണനകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രമേ ഈ പുസ്തകം ഹൃദ്യമായി തോന്നുകയുള്ളു.

മൊഴിമുത്തുകളില്‍ ചിലത് കൂടി:

'ഒരു കഥ കേട്ടാല്‍ മാത്രം പോരാ, കഥ കേള്‍ക്കുന്ന പശ്ചാത്തലത്തിലും പരിതസ്ഥിതിയിലുമാണ് അതിന്റെ മാധുര്യം സ്ഥിതി ചെയ്യുന്നതെന്ന്, കഥ കേള്‍ക്കുവാന്‍ അഭിരുചിയുള്ളവനു മാത്രമേ അറിഞ്ഞുകൂടൂ.'

'ലോകത്തിലെ പല വസ്തുക്കളുടെ മേലും ഒരു കൃത്രിമമൂല്യം ആരോപിച്ച് നാം അവയെ വലുതോ ചെറുതോ ആക്കിത്തീര്‍ക്കുന്നുണ്ട്.' എത്ര സത്യം!

മൊഴിമാറ്റ ഭാഷ ചിലയിടത്തൊക്കെ ലേശം കൂടി നന്നാക്കാമായിരുന്നു, ആകര്‍കമാക്കാമായിരുന്നു എന്നു തോന്നാതിരുന്നില്ല. ഇതേ പുസ്തകം ലീലാ സര്‍ക്കാര്‍ പരിഭാഷപ്പെടുത്തിയത് ഇപ്പോഴും വിപണിയിലുണ്ടെന്ന് തോന്നുന്നു. അത് ഞാന്‍ വായിച്ചിട്ടില്ല.

പഥേര്‍ പാഞ്ചാലി:

വി.ബാലകൃഷ്ണന്‍ 1968 ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് എന്‍ബിഎസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം. അപുവിന്റേയും ദുര്‍ഗ്ഗയുടേയും ഈ കഥ, സത്യജിത് റേയുടെ ആദ്യസിനിമ കൂടിയായ ഈ കഥ ആമുഖത്തിന് അതീതമാണ്, എല്ലാവര്‍ക്കും സുപരിചിതമാണ് എന്നറിയാം. അതിന് ഒരുമ്പെടുന്നുമില്ല. പാഞ്ചാലി നമ്മുടെ വടക്കന്‍ പാട്ടു പോലെ ബംഗാളില്‍ ഉള്ള ഗാനവിശേഷമാണ്, പഥേര്‍ പാഞ്ചാലി എന്നാല്‍ 'വഴിയുടെ ഗാഥ' എന്നര്‍ത്ഥം എന്ന് ആമുഖം പറയുന്നു. ഹൃദ്യമാണ് വെറും 94 പേജുള്ള ഈ കുഞ്ഞിപ്പുസ്തകത്തിന്റെ കഥയും ആഖ്യാനരീതിയും. മൊഴിമാറ്റമാണല്ലോ എന്നൊന്നും തോന്നിപ്പിക്കുന്നതേയില്ല. പുരോഹിതനായ ഹരിഹരറായി, ഭാര്യ സര്‍വ്വജയ, മക്കളായ ദുര്‍ഗ്ഗ, അപു, ഇവരെല്ലാം നമ്മുടെ തൊട്ടയല്‍പക്കം എന്നു തോന്നും വിധം ഹൃദ്യമായ ആഖ്യാനം.

No comments:

Post a Comment