1956 ല്‍ ദില്ലിയില്‍ വച്ചു നടന്ന റൈറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയ വയലാര്‍ രാമവര്‍മ്മ കണ്ട ദില്ലിയാണ് 64 പേജു മാത്രമുള്ള ഈ കുട്ടി പുസ്തകം. ഒരു സാഹിത്യകാരന്റെ വീക്ഷണകോണിലൂടെയുള്ള യാത്രാവിവരണം എന്നാണ് അദ്ദേഹം പറയുന്നതെങ്കിലും കവനരസം തുളുമ്പുന്ന ലളിതമായ വരികളിലൂടെ, വായിച്ചറിഞ്ഞ വഴികളിലൂടെയുള്ള ഒരു ജ്ഞാനിയായ കവിയുടെ സഞ്ചാരം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
ശ്രീകൃഷ്ണന്റെ മധുരയിലൂടെ കടന്നുപോകുന്ന ട്രെയിന്‍യാത്ര മുതല്‍ ആരംഭിക്കുന്നു വിവരണം. പിന്നെ കുത്തബ്മിനാര്‍, റെഡ് ഫോര്‍ട്ട്, താജ്മഹല്‍ ഇവ കടന്ന് ഇന്‍ഡ്യയുടെ വീണുടയാത്ത കണ്ണുനീര്‍ തുള്ളിയായ രാജ്ഘട്ടിലെത്തി അവസാനിക്കുന്നു. ഇന്‍ഡ്യന്‍ ഇതിഹാസപുരാണങ്ങളേയും ചരിത്രത്തേയും ഗാന്ധിജിയേയും ഒന്നും തള്ളി പറയുന്നില്ലെന്നു മാത്രമല്ല, മറിച്ച് അവയെല്ലാം ഇന്‍ഡ്യയുടെ സമ്പത്താണെന്ന് നമ്മെ മനസ്സിലാക്കിക്കുക കൂടി ചെയ്യുന്നു ഈ വിവരണം..
സംസ്‌കൃത പണ്ഡിതനായിരുന്നു അദ്ദേഹം എന്ന് കേട്ടിട്ടുണ്ട്, ഒപ്പം ആഴ്ന്നു പരന്ന വായനയും കൂടിയുണ്ടായിരുന്നു വയലാറിന് എന്നും നമുക്കു മനസ്സിലാകും. ഗോള്‍ഡന്‍ ചൈല്‍ഡും ബെര്‍ണിയറും മറ്റും നേരത്തേ വായിച്ചിരുന്നതുകൊണ്ട് കണ്ട കാഴ്ച്ചകളുടെ ചരിത്രത്തിലേക്കിറങ്ങാന്‍ പ്രയാസമേതുമുണ്ടായില്ല എന്നു കവി പറയുന്നുണ്ട്. 'മാക്‌സ് മുള്ളര്‍,ജോണ്‍ മാര്‍ഷല്‍, പണ്ഡിറ്റ് നെഹ്രു തുടങ്ങിയവരെ ആകര്‍ഷിച്ച ആ മണ്‍കുത്തുകളുടെ കഥകള്‍ ആര്‍ക്കാണറിഞ്ഞുകൂടാത്തത് 'എന്ന് ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു. അത് അന്തക്കാലം! ചരിത്രകാരന്‍മാര്‍ മാത്രമല്ല, ഗീതയും ഗീതാഗോവിന്ദവും രഘുവംശവും മഹാഭാരതവും എല്ലാം സന്ദര്‍ഭാനുസരണം കടന്നു വരുന്നുണ്ട എഴുത്തിലുടനീളം. പഴയ കാല എഴുത്തുകാരുടെ കൈമുതലായിരുന്നു നാനാ മേഖലകളിലുള്ള ഇത്തരം അഗാധ പാണ്ഡിത്യം! ഇതു വായിച്ചു കഴിഞ്ഞയുടനേ തന്നെ കയ്യിലുണ്ടായിരുന്ന ഗോള്‍ഡന്‍ ചെല്‍ഡ് പൊടി തട്ടി വച്ചു വായനയ്ക്കായി. നന്ദി കവേ!
ഇന്‍ഡ്യയുടെ ചരിത്രം രക്തരൂഷിതമാക്കിയ മുസ്ലീം അധിനിവേശകാലത്തിന്റെ നല്ലതും ചീത്തയും അയവിറക്കുന്നുണ്ട് കവി. റസിയാ ബീഗlത്തിന്റെ കഥ വര്‍ണ്ണിക്കുന്നുണ്ട്, പിന്നെ, ജഹനാര, റോഷ്‌നാര-അവരെല്ലാം മനസ്സില്‍ മുറിപ്പാടുകളായി നിലനില്‍ക്കുന്നു. ഓരോ കാഴ്ചകള്‍ കാണുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ഗ്രന്ഥകാരന്റെ മനസ്സിലേക്കോടിയെത്തുന്ന ചരിത്രശകലങ്ങളാണവ. അക്കാലങ്ങള്‍ വായിക്കുമ്പോള്‍ നമുക്കും കണ്ണീര്‍ പൊടിയും, ചോര മണക്കും. മകളുടെ കമിതാവിനെ കൊന്ന അച്ഛന്‍, അച്ഛനെ കൊന്ന മകന്‍, ഏട്ടനെ കൊന്ന അനുജന്‍... അഹോ ഭീകരം, ഭയാനകം. ഹൈന്ദവം ഉരുവിട്ടു നടക്കുന്ന ജനസംഘികളെ മേടുന്നുമുണ്ട് ഇടയ്ക്ക്. കൂട്ടത്തില്‍ പറയട്ടെ, പഠിക്കുന്ന കാലത്ത് വലിയ ഇഷ്ടമുള്ള പേരുകളായിരുന്നു റോഷ്‌നാരയും ജഹനാരയും. ഭാവിയില്‍ മകള്‍ക്കിട്ടോളൂ എന്നു കൂട്ടുകാരികള്‍ കളിയാക്കിയിരുന്നു, ആ പേരുകളോടുള്ള ഭ്രമം കണ്ടിട്ട്.
'ഇന്‍ഡ്യയുടെ മുത്തശ്ശന്‍' ഉറങ്ങുന്ന രാജ്ഘട്ടിലാണ് വിവരണം അവസാനിക്കുന്നത്.
സ്വന്തമായി പരിഭാഷപ്പെടുത്തിയതാണോ എന്നറിയില്ല, കബീര്‍ഗീത ശകലം കൊടുത്തിട്ടുണ്ട്-എന്റെ മനസ്സ് ആര്‍ദ്രമാക്കിയ വരികള്‍! ഇപ്പോള്‍ അവ എപ്പോഴും ഉരുവിട്ടു നടക്കുന്നു-
'ഉപവസിച്ചില്ല, പുണ്യാഹമന്ത്രങ്ങളു-
രുവിടാറില്ല തീര്‍ത്ഥാടനങ്ങളില്‍,
മനുജമാനസ ക്ഷേത്രങ്ങളില്‍ സ്വയം
പണിതുയര്‍ത്തി ഞാന്‍ മെക്കയും കാശിയും..'
If there is a paradise on earth....എന്നു തുടങ്ങുന്ന പ്രസിദ്ധ വരികളുടെ പരിഭാഷ ഇങ്ങനെ-
'ഭുവനങ്ങളില്‍ സ്വര്‍ഗ്ഗമുണ്ടെങ്കിലാ സ്വര്‍ഗ്ഗ-
മിവിടെയാണിവിടെയാണിവിടെ മാത്രം!'
നെറ്റ് തപ്പിയപ്പോള്‍ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ് ഈ ബുക്ക് ഇറക്കിയിട്ടുണ്ടെന്നു മനസ്സിലാകുന്നു. എന്റെ അച്ഛനമ്മമാര്‍ക്ക് ഒരു സുഹൃത്ത് നല്‍കിയതാണ് എന്റെ കയ്യിലുള്ള കോപ്പി. !959 ലെ 2nd എഡീഷന്‍, വയലാര്‍ രാമവര്‍മ്മ സ്വന്തമായി അച്ചടിപ്പിച്ചു പ്രസാധനം ചെയ്തത്! ഇടയ്ക്കു കുറേ പേജുകള്‍ വല്ലാതെ മങ്ങിയിരിക്കുന്നു. മുന്‍വായനക്കാര്‍ വെറുതെ അവിടവിടെ ചുവന്ന മഷിക്കു വരച്ചിട്ടുമുണ്ട്. ഇതു രണ്ടും ഒഴിച്ചാല്‍ ബയന്റു ചെയ്ത, അന്ന് 75 പൈസ വിലയുണ്ടായിരുന്ന ആ പുസ്തകം കേടില്ലാതെ ഇരിക്കുന്നു ഇപ്പോഴും!
പോകണം എനിക്കൊന്ന് മഥുരയിലെ വൃന്ദാവനത്തില്‍, മണ്‍പാത്രത്തില്‍ നല്‍കുന്ന ശുദ്ധമായ പാല് ഇപ്പോഴുമുണ്ടോ ആവോ?ചരിത്രമുറങ്ങുന്ന പഴയ ദില്ലിയും ആഗ്രയും ഒന്നു കൂടി കാണണം. റസിയയോടും ജഹനാരയോടും റോഷ്‌നാരയോടും സെബുന്നീസയോടും സംവദിക്കണം, അവര്‍ക്കൊപ്പം തേങ്ങണം, ചിരിക്കണം.....!
അടുത്തത് യാത്രികന്റെ ഗീതികള്‍....
ഇത് പുസ്തക അവലോകനമൊന്നുമല്ല. ഒരാള്‍ക്ക് ഇതു വായിക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കാനുള്ള ഒരു ചെറിയ വിവരണം, ഞാന്‍ വായിച്ചത് മറ്റുള്ളവരുമായി ഒരു പങ്കു വയ്ക്കല്‍ ള-അത്രമാത്രം.
ReplyDeleteകുറെ കാലങ്ങൾക്കു ശേഷം ഒരു നല്ല വിഭവവുമായി എത്തിയതിൽ സന്തോഷം
ReplyDeleteകൂടുതല്‍ കൌതുകം തോന്നിയത് പുസ്തകത്തിന്റെ കാലപ്പഴക്കത്തെ പറ്റി വായിച്ചപ്പോഴാണ് :)
ReplyDeleteകൌതുകകരം..മനോഹരം .. ഈ കുറിപ്പ്.
ReplyDelete